തിരുവനന്തപുരം വിഴിഞ്ഞത്തുനിന്ന് കാണാതായ 13 വയസുകാരി വിമാനം കയറി ഡല്‍ഹിയിലെത്തിയതായി വിവരം. ഡല്‍ഹിയില്‍ തടഞ്ഞുവച്ച പെണ്‍കുട്ടിയെ തിരികെ എത്തിക്കാന്‍ വിഴിഞ്ഞം പൊലീസ് ഡല്‍ഹിയിലേക്ക് തിരിച്ചു. വിഴിഞ്ഞം മുക്കോല താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് വിമാനം കയറി ഡല്‍ഹിയിലെത്തിയത്. രാവിലെ 7 മുതല്‍ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുകള്‍ വിഴിഞ്ഞം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയില്‍ കുട്ടി കയറിയ ഓട്ടോ ഡ്രൈവറെ കണ്ടെത്തിയതാണ് നിര്‍ണായകമായത്.
ഇയാള്‍ പറഞ്ഞതനുസരിച്ച് എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ടപ്പോള്‍ കുട്ടി ഡല്‍ഹിയിലേക്ക് വിമാനം കയറിയതായി വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് സുരക്ഷാ സേനയുമായി സിറ്റി പൊലീസ് കമ്മിഷണര്‍ വിവരം കൈമാറുകയും ഉച്ചയ്ക്ക് ഒന്നോടെ വിമാനം ഇറങ്ങിയ ഉടന്‍ കുട്ടിയെ തടഞ്ഞുവയ്ക്കുകയുമായിരുന്നു. കുട്ടിയെ നാളെ തിരികെ വിഴിഞ്ഞത്ത് എത്തിക്കും. കുട്ടിയ്ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പെടെ ലഭ്യമായതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.
STORY HIGHLIGHT : Missing 13-year-old girl from Vizhinjam arrives in Delhi by plane
















