തിരുവനന്തപുരം: സിപിഎം നേതാവ് കെജെ ഷൈനും വൈപ്പിൻ എംഎൽഎയ്ക്കുമെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി കെ എം ഷാജഹാൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തുടർന്ന് ഷാജഹാനെ കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ഷാജഹാനെ പുലർച്ചെ ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു.
ഷൈന്‍റെ പേര് പറഞ്ഞിട്ടില്ലെന്നായിരുന്നു ഷാജഹാന്‍റെ പ്രതിരോധം. രണ്ട് ദിവസം മുമ്പ് കെജെ ഷൈനിന്‍റെ പേരെടുത്ത് പറഞ്ഞ് പുതിയൊരു വീഡിയോ ഷാജഹാൻ പുറത്തുവിട്ടിരുന്നു. ഇതിന്‍റെ പേരിൽ ഷൈൻ നൽകിയ പുതിയ പരാതിയിലാണ് അറസ്റ്റ്. ഇതേത്തുടര്‍ന്ന് റൂറല്‍ സൈബര്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഷാജഹാനെ തിരുവനന്തപുരത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജഹാനെതിരെ കേസെടുത്തിരിക്കുന്നത്. പിണറായി വിജയനെതിരെ ഉൾപ്പെടെ ഒരുപാടുണ്ട് പറയാനുണ്ടെന്നും ചോദ്യം ചെയ്യലിന് ശേഷം മടങ്ങിയെത്തുമ്പോൾ പ്രതികരിക്കാം എന്നും ഷാജഹാൻ പറഞ്ഞു.
















