കോഴിക്കോട്: കോണ്‍ഗ്രസ് എംപി ഷാഫി പറമ്പിലിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ പൊലീസിൽ പരാതി. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ കേസെടുക്കമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ആലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദ് ആണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഇന്നലെയാണ് സുരേഷ് ബാബു ഷാഫി പറമ്പിലിനെതിരെ ആരോപണമുന്നയിച്ചത്. ഇതിനെതിരെ ഷാഫി പ്രതികരിച്ച് രംഗത്തെത്തിയതോടെ ഷാഫിയുടെ പേര് പറഞ്ഞില്ലെന്നായിരുന്നു സുരേഷ് ബാബുവിൻ്റെ മലക്കംമറിച്ചിൽ. നിയമപരമായി നീങ്ങുമെന്നും ഇതാണോ സിപിഎമ്മിൻ്റെ രാഷ്ട്രീയമെന്നും ഷാഫി ചോദിച്ചിരുന്നു.
അധിക്ഷേപത്തില്‍ സിപിഐഎമ്മിനെതിരെ പാലക്കാട് കേന്ദ്രീകരിച്ച് വ്യാപക പ്രതിഷേധം തുടരാനാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. അടിസ്ഥാനരഹിതമായ ആരോപണം സിപിഐഎം പരസ്യമായി തിരുത്തണമെന്നാണ് ആവശ്യം. യൂത്ത് കോണ്‍ഗ്രസും സിപിഐഎമ്മിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും.
ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ബാംഗ്ലൂരിലേക്ക് ഷാഫി ട്രിപ്പ് വിളിക്കും. സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ ഹെഡ്മാസ്റ്റര്‍ ആണ് ഷാഫി പറമ്പിലെന്നാണ് സുരേഷ് ബാബു ആരോപിച്ചത്. ഷാഫി മാത്രമല്ല കോണ്‍ഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ അധ്യാപകരാണ്. സഹികെട്ടാണ് വി ഡി സതീശന്‍ രാഹുലിനെതിരെ നടപടിയെടുത്തത്. കൊത്തി കൊത്തി മുറത്തില്‍ കേറി കൊത്തിയപ്പോള്‍ സതീശന് രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നു. സ്ത്രീ വിഷയത്തില്‍ മുസ്ലിം ലീഗാണ് അവര്‍ക്ക് മാതൃകയെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു.
















