ന്യൂഡൽഹി: ലഡാക്കിലെ ലേയിലുണ്ടായ സംഘർഷത്തിനുപിന്നാലെ പരിസ്ഥിതി പ്രവർത്തകനും സമരനേതാവുമായ സോനം വാങ്ചുക്കിനെതിരേ നടപടിയുമായി കേന്ദ്രസർക്കാർ. സോനം വാങ്ചുക്കിന്റെ സാമ്പത്തിക ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കാൻ സാധ്യത. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് അദ്ദേഹം നടത്തിയ പ്രതിഷേധങ്ങൾക്കിടെയാണ് ഈ നീക്കം. വിദേശ ഫണ്ടുകൾ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് സോനം വാങ്ചുക്കിന്റെ എൻ.ജി.ഒക്കെതിരെയാണ് പ്രധാനമായും അന്വേഷണം. ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (FEMA) പ്രകാരമുള്ള നിയമലംഘനങ്ങളാണ് ഇ.ഡി പരിശോധിക്കുക.
സ്റ്റുഡന്റ്സ് എജുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്കിന്റെ എഫ്സിആർഎ ലൈസൻസ് റദ്ദാക്കി. ഇതോടൊപ്പം ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റീവ്സ് ലഡാക്ക് എന്ന സ്ഥാപനത്തിനെതിരേയും നടപടി തുടങ്ങി. രണ്ട് സ്ഥാപനങ്ങൾക്കും നേരേ സിബിഐ അന്വേഷണവും തുടങ്ങി.
ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള സംരക്ഷണവും ആവശ്യപ്പെട്ട് സോനം വാങ്ചുക് 21 ദിവസം നീണ്ട നിരാഹാര സമരം നടത്തിയിരുന്നു. ഈ പ്രതിഷേധങ്ങൾക്ക് വലിയ ജനപിന്തുണ ലഭിക്കുകയും പിന്നീട് അത് വലിയ പ്രക്ഷോഭങ്ങളിലേക്ക് വഴിമാറുകയും ചെയ്തു. ഇതേത്തുടർന്നാണ് കേന്ദ്രം അദ്ദേഹത്തിനെതിരെയുള്ള നടപടികൾ ശക്തമാക്കിയത്. നിലവിൽ അദ്ദേഹത്തിന്റെ എൻ.ജി.ഒയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഒരു രാഷ്ട്രീയ നീക്കമാണോ അതോ നിയമപരമായ നടപടികളാണോ എന്ന് വ്യക്തമല്ല.
















