റിയാദിലെ വാടക നിരക്കുകൾക്ക് അടുത്ത അഞ്ച് വർഷത്തേക്ക് വർധനവ് ഏർപ്പെടുത്തുന്നതിന് സൗദി ഭരണകൂടം വിലക്കേർപ്പെടുത്തി. അനിയന്ത്രിതമായി ഉയർന്നുകൊണ്ടിരിക്കുന്ന വാടക നിരക്കുകൾക്ക് കടിഞ്ഞാണിടാൻ ലക്ഷ്യമിട്ടുള്ള ഈ തീരുമാനം പ്രവാസികൾക്കും വ്യാപാരികൾക്കും ഒരുപോലെ ആശ്വാസമാകും. ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉത്തരവ് 2030 വരെ തുടരും.
പുതിയ നിയമപ്രകാരം നിലവിലുള്ള വാടക നിരക്കിന് മുകളിൽ ഒരു വർധനവും അടുത്ത അഞ്ച് വർഷത്തേക്ക് അനുവദിക്കില്ല. ഈ നിയമം ലംഘിക്കുന്നവരിൽ നിന്ന് ഒരു വർഷത്തെ വാടക തുക പിഴയായി ഈടാക്കും. ഈജാർ പ്ലാറ്റ്ഫോമിൽ കരാർ രേഖപ്പെടുത്തിയവർക്കാണ് ഈ നിയമത്തിന്റെ ഗുണം ലഭിക്കുക.
അതേസമയം ഈജാറില്ലാത്ത കെട്ടിടങ്ങളിൽ താമസിക്കുന്നവർക്ക് ഈ നിരക്കിളവ് ബാധകമല്ല. വരും ദിവസങ്ങളിൽ ഈജാറില്ലാത്ത കെട്ടിടങ്ങൾക്കെതിരെയും നടപടിയുണ്ടാകാൻ സാധ്യതയുണ്ട്.
റിയാദിൽ അടുത്തിടെയായി വാടക നിരക്കുകൾ കുത്തനെ വർധിച്ചിരുന്നു. പലയിടത്തും മൂന്നിരട്ടി വരെ നിരക്ക് വർധിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
















