ആലപ്പുഴ: തള്ളിനീക്കുന്ന ഗേറ്റ്, അമ്മൂമ്മ അടയ്ക്കുന്നതിനിടെ ദേഹത്തു വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരൻ മരിച്ചു. വൈക്കം ടിവിപുരം സ്വദേശി അഖിൽ – അശ്വതി ദമ്പതികളുടെ മകൻ ഋദവ് ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. തലയ്ക്ക് പരിക്കേറ്റ ഋദവ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. ഋദവിന്റെ അമ്മ അശ്വതിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവമുണ്ടായത്. അമ്മൂമ്മ ഗേറ്റ് അടയ്ക്കുന്നതിനിടെ മറിഞ്ഞ് വീഴുകയായിരുന്നു. കുഞ്ഞിനെ ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചു. തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ശസ്ത്രക്രിയ നടത്തി. ഐസിയുവിലായിരുന്ന കുഞ്ഞ് ബുധനാഴ്ച രാത്രി എട്ടരയോടെ മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
















