സെപ്റ്റംബർ ഒമ്പതിനാണ് ആപ്പിൾ ഐഫോൺ 17 ലോഞ്ച് ചെയ്തത്. ഇപ്പോഴിതാ ഐഫോൺ 17 സീരീസിന്റെ പുറംപാളിയിൽ സ്‌ക്രാച്ചുകൾ കണ്ടതായി പരാതികൾ ഉയരുകയാണ്. വിവാദത്തിൽ ഇപ്പോൾ പ്രതികരിച്ചു രംഗത്ത് വന്നിരിക്കുകയാണ് കമ്പനി. ഐഫോണിൽ സംഭവിച്ചത് എല്ലാ ഫോണുകളിലും കാണുന്നതുപോലെയുള്ള ചില പോറലുകളും മറ്റും മാത്രമാണ് എന്നതായിരുന്നു ആപ്പിളിന്റെ വിശദീകരണം.
ചെറിയ ചില ഉരസലുകൾ മൂലം ഉണ്ടായതാകാം ഇവ എന്നും ആപ്പിൾ പറയുന്നു. അവ പോറലുകളല്ലെന്നും, തേഞ്ഞുപോയ സ്റ്റോർ ഉപകരണങ്ങളിൽ നിന്നുള്ള നീക്കം ചെയ്യാവുന്ന “മെറ്റീരിയൽ ട്രാൻസ്ഫർ” ആണെന്നും അവകാശപ്പെട്ടു. ആപ്പിൾ സ്റ്റോറുകളിൽ ഉപയോഗിക്കുന്ന പഴയ മാഗ്‌സേഫ് ഡിസ്‌പ്ലേ റീസറുകൾ ഡെമോ യൂണിറ്റുകളുടെ പിന്നിലേക്ക് മെറ്റീരിയൽ മാറ്റുന്നുവെന്നും, പോറലുകൾ പോലെ തോന്നിക്കുന്നതും എന്നാൽ വൃത്തിയാക്കാൻ കഴിയുന്നതുമായ പാടുകൾ സൃഷ്ടിക്കുന്നുവെന്നും ഐഫോൺ നിർമ്മാതാവ് സിഎൻഇടി, 9to5Mac, ടോംസ് ഗൈഡ് എന്നിവയുൾപ്പെടെ ഒന്നിലധികം പ്രസിദ്ധീകരണങ്ങളോട് പറഞ്ഞു.
ഐഫോൺ 17ൽ സാധാരണയായി ഉപയോഗിക്കുന്ന ടൈറ്റാനിയത്തിന് പകരം അലുമിനിയം ആണ് ഉപയോഗിച്ചിരിക്കുന്നത്. വേപ്പർ കൂളിംഗ് ചേംബർ ഉള്ളതിനാൽ ആണ് അലുമിനിയം ഉപയോഗിച്ചിട്ടുളളത്. പ്രൊ മോഡലുകൾ ലോഞ്ച് ചെയ്തതിന് പിന്നാലെത്തന്നെ പിൻപാളികളിൽ സ്ക്രച്ചുകൾ കണ്ടുതുടങ്ങിയിരുന്നു എന്നാണ് വിവരം. ഫോൺ വാങ്ങി ദിവസങ്ങൾക്ക് ശേഷവും ഇങ്ങനെ സ്‌ക്രാച്ചുകൾ പ്രത്യക്ഷപ്പെടുന്നതായി നിരവധിപേർ പരാതി പറയുന്നുണ്ട്. സ്ക്രാച് ഗേറ്റ് എന്ന പേരിൽ ഇത്തരം പലരുടെയും അനുഭവങ്ങൾ പ്രചരിക്കപ്പെടുന്നുണ്ട്. 17 സീരീസിലെ ഹിറ്റ് വേരിയന്റായ കോസ്മിക് ഓറഞ്ച് ഐഫോണിലും നിരവധി സ്‌ക്രാച്ചുകൾ ഉള്ളതായി റിപ്പോർട്ടുകളുണ്ട്. ഐഫോൺ പ്രൊ മോഡലുകളിലാണ് ഇത്തരത്തിൽ കൂടുതൽ പരാതികൾ വരുന്നത്.
content highlight: iPhone 17
















