ഇന്ന് ഉച്ചയ്ക്ക് ഊണിന് ഒരു കിടിലൻ കറി വെച്ചാലോ? രുചികരമായ കടച്ചക്ക വറുത്തരച്ച കറി വെക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- കടച്ചക്ക – ഒന്നിന്‍റെ പകുതി
- തേങ്ങ ചിരണ്ടിയത് – രണ്ട് കപ്പ്
- മുളകുപൊടി – ഒരു ടീസ്പൂണ്‍
- മല്ലിപ്പൊടി – ഒരു ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പൊടി – ഒരു നുള്ള്
- സവാള – ഒരു എണ്ണം
- പച്ചമുളക് – രണ്ട് എണ്ണം
- ചെറിയ ഉള്ളി – ആറ് എണ്ണം
- വറ്റല്‍മുളക് – രണ്ട് എണ്ണം
- കറിവേപ്പില – രണ്ട് ഇതള്‍
- കടുക് – അര ടീസ്പൂണ്‍
- എണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കടച്ചക്ക തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി സവാളയും പച്ചമുളകും മഞ്ഞൾപൊടിയും ഉപ്പും വെള്ളവും (രണ്ട് കപ്പ്) ചേര്‍ത്ത് വേവിക്കുക. അര ടേബിള്‍സ്പൂണ്‍ ചൂടാക്കി തേങ്ങ ചിരണ്ടിയതും മൂന്ന് ചെറിയ ഉള്ളിയും ഒരു ഇതള്‍ കറിവേപ്പിലയും ഇട്ട് വറക്കുക. ഗോള്‍ഡ് നിറമാകുമ്പോള്‍ മല്ലിപ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കി വാങ്ങുക. ചൂടാറുമ്പോള്‍ മിക്സിയിലെ വെള്ളം കൂടാതെ അരച്ച ശേഷം വെള്ളത്തില്‍ കലക്കി കടച്ചക്കയിൽ ചേര്‍ത്ത് ചെറുതായി തിളപ്പിക്കുക. പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍മുളകും ചെറിയ ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ച് ചേര്‍ക്കുക.
















