കൊച്ചി: കെ.എം ഷാജഹാന്റെ അറസ്റ്റിൽ പ്രതികരണവുമായി സിപിഎം നേതാവ് കെ.ജെ ഷൈൻ. മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായതിൽ സന്തോഷമെന്നും പൊലീസിന് ബിഗ് സല്യൂട്ട് എന്നും ഷൈൻ പറഞ്ഞു. ഗൂഢാലോചന ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നും ഷൈൻ പ്രതികരിച്ചു.
മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായതിൽ സന്തോഷം. പൊതുഇടത്തിലെ മാലിന്യം ഇല്ലാതാക്കാൻ എല്ലാവരും ശ്രമിക്കണം. ഒളിഞ്ഞിരുന്ന് മാലിന്യം എറിയുന്നവരെ കളയാൻ ബുദ്ധിമുട്ടാണ്. മാലിന്യത്തെ നിർമാർജനം ചെയ്യാനുള്ള ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുക്കുകയാണ്. കെ.എം ഷാജഹാൻ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും കെ. ജെ. ഷൈൻ പറഞ്ഞു. പോരാട്ടം തുടരും, സർക്കാരിന് നന്ദി എന്നും ഷൈൻ പറഞ്ഞു.
അതേസമയം, കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത കെ എം ഷാജഹാനെ കൊച്ചിയിൽ എത്തിച്ചു. നോർത്ത് പറവൂർ പൊലീസാണ് ഷാജഹാനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. കെ.ജെ ഷൈൻ രണ്ടാമതും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം റൂറൽ സൈബർ പൊലീസിനാണ് പരാതി നൽകിയത്. യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും കെ.എം ഷാജഹാൻ നിയമത്തെ വെല്ലുവിളിക്കുകയാണെന്നുമായിരുന്നു പരാതി.
തിങ്കളാഴ്ച എറണാകുളം റൂറൽ സൈബർ ടീമും പറവൂർ പൊലീസും ചേർന്ന് ഷാജഹാന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. സംഘം ഷാജഹാന്റെ ഫോൺ കസ്റ്റഡിയിൽ എടുത്തിരുന്നു. യൂട്യൂബ് ചാനലിലൂടെ ഷൈനിനെതിരെ ഷാജഹാൻ വീഡിയോ ചെയ്തിരുന്നു.
ഷൈനിന്റെ പരാതിയിൽ ഗോപാലകൃഷ്ണൻ ഒന്നാം പ്രതിയും കെ.എം ഷാജഹാൻ രണ്ടാം പ്രതിയുമാണ്. ഇവർക്കു പുറമെ യൂട്യൂബറായ കൊണ്ടോട്ടി അബുവിനെ കേസിൽ മൂന്നാം പ്രതിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. യൂട്യൂബ് ചാനലിലൂടെ അപവാദ പ്രചരണം നടത്തിയതിനാണ് കേസ്.
















