മെറ്റ അടുത്തിടെ അവരുടെ ചില പ്ലാറ്റ്‌ഫോമുകളിൽ AI അസിസ്റ്റൻ്റുകളെ പരീക്ഷിക്കാൻ തുടങ്ങിയിരുന്നു. ഇതിൻ്റെ ഭാഗമായി ഫേസ്ബുക്ക് ഡേറ്റിങ് പ്ലാറ്റ്‌ഫോമിൽ സ്വൈപ്പിങ് എന്ന പ്രക്രിയ ലളിതമാക്കാനും ഉപയോക്താക്കൾക്ക് കൂടുതൽ യോജിച്ച പങ്കാളികളെ കണ്ടെത്താനും സഹായിക്കുന്ന ഒരു AI അസിസ്റ്റൻ്റിനെ ഉൾപ്പെടുത്താനാണ് മെറ്റ ശ്രമിക്കുന്നത്. ഫേസ്ബുക്കിന്റെ ഡേറ്റിങ് ആപ്പിൽ എഐ അസിസ്റ്റിനെ ഒരുക്കാനാണ് മെറ്റ തയ്യാറെടുക്കുന്നത്.
ഡേറ്റിംഗ് അസിസ്റ്റന്റ് ചാറ്റ്ബോട്ട്, മീറ്റ് ക്യൂട്ട് എന്നിങ്ങനെ രണ്ട് എഐ ഫീച്ചറാണ് കമ്പനി അവതരിപ്പിക്കുന്നത്. ഫേസ്ബുക്ക് AI ഡേറ്റിങ് ഫീച്ചറുകൾ ഇനി മുതൽ ഉപഭോക്താക്കളുടെ മുൻഗണനകൾ മനസ്സിലാക്കി വ്യക്തിഗതമായ നിർദ്ദേശങ്ങൾ നൽകും.
അത് കൂടാതെ ഫിൽട്ടറുകൾ ഉപയോഗിക്കാതെ ഡേറ്റിങ് ആപ്പിൽ പ്രോംപ്ട് ഉപയോഗിച്ച് സെർച്ച് ചെയ്യാനും സാധിക്കും. ഡേറ്റിങ് പ്രൊഫൈലുകൾ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ശുപാർശ ചെയ്യാനും ഫസ്റ്റ് ഡേറ്റിനുള്ള ആശയങ്ങൾ നിർദ്ദേശിക്കാനും പുതിയ എഐ അസിസ്റ്റന്റ് സഹായിക്കുമെന്നും മെറ്റ അറിയിച്ചു.
മെറ്റാ മീറ്റ് ക്യൂട്ട് എന്ന എ ഐ അൽഗോരിതം ഉപയോഗിച്ച് ഓരോ ആഴ്ചയും ഒരു സർപ്രൈസ് മാച്ചും നൽകും. മീറ്റ് ക്യൂട്ട് ഫീച്ചർ ഉപയോഗിക്കണോ വേണ്ടയോ എന്ന് ഉപഭോക്താവിന് തീരുമാനിക്കുകയും ചെയ്യാം.
ഡേറ്റിങ് ആപ്പുകളിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്, ഇഷ്ടമുള്ള ആളുകളെ കണ്ടെത്താൻ വേണ്ടി മണിക്കൂറുകളോളം ചിത്രങ്ങൾ ‘സ്വൈപ്പ്’ ചെയ്യേണ്ടിവരുന്നു എന്നതാണ്.
ഇത് പലപ്പോഴും ഉപയോക്താക്കൾക്ക് മടുപ്പുണ്ടാക്കുകയും ആപ്പിനോടുള്ള താൽപ്പര്യം കുറയ്ക്കുകയും ചെയ്യും. ഈ പ്രശ്നം പരിഹരിക്കാനാണ് മെറ്റ AI അസിസ്റ്റൻ്റിനെ ഉപയോഗിക്കാൻ ലക്ഷ്യമിടുന്നത്.
















