തിരുവനന്തപുരം: തിരുവനന്തപുരത്ത് മഴക്കെടുതി രൂക്ഷം. കാട്ടാക്കടയിൽ അഞ്ചു വീടുകളിൽ വെള്ളം കയറി. ജില്ലയുടെ മലയോരമേഖലകളില്‍ ശക്തമായമഴ തുടരുകയാണ്. പ്രദേശത്ത് മിക്ക ഇടങ്ങളിലും വെള്ളക്കെട്ടാണ്. തമ്പാനൂര്‍, ചാക്ക, ചാല, ശ്രീകണ്‌ഠേശ്വരം, കിംസ് ആശുപത്രി പരിസരം തുടങ്ങിയ മേഖലകളിലാണ് രൂക്ഷമായ വെള്ളക്കെട്ടുള്ളത്.
നഗരത്തില്‍ കഴിഞ്ഞ മണിക്കൂറില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. കനത്ത മഴയെത്തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്തമഴയെ തുടര്‍ന്ന് വാമനപുരം നദിയില്‍ നീരൊഴുക്ക് വര്‍ധിച്ചു. മലയോരമേഖലകളില്‍ ഉള്‍വനത്തില്‍ മഴ ശക്തമായി പെയ്യുകയാണ്. വൈകുന്നേരം വരെ ഈ രീതിയില്‍ മഴ തുടര്‍ന്നാണ് മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വെള്ളിയാഴ്ച മുതല്‍ അടച്ചിടാന്‍ തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ നിര്‍ദേശം നല്‍കി. ഇനിയൊരു നിര്‍ദേശമുണ്ടാകുന്നതുവരെ ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടാനാണ് ഉത്തരവ്.
കനത്തമഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. 15 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.തിരുവനന്തപുരത്തിന് പുറമേ, കൊല്ലം, പത്തനംതിട്ട ജില്ലകളിലും കനത്തമഴ തുടരുകയാണ്. പത്തനംതിട്ട ഇലന്തൂരില്‍ വീടിന്റെ മതില്‍ തകര്‍ന്നുവീണ് അപകടമുണ്ടായി. തിരുവനന്തപുരം ശാസ്തമംഗലത്ത് കനത്തമഴയിലും കാറ്റിലും കൂറ്റന്‍ ഹോര്‍ഡിങ് തകര്‍ന്നുവീണ് വീടിന് കേടുപാട് സംഭവിച്ചു. സ്വകാര്യ ആശുപത്രിയിലെ ഹോര്‍ഡിങ് ആണ് സമീപത്തെ വീടിനരികിലേക്ക് പതിച്ചത്. വീടിന് മുന്നിലെ മരത്തില്‍ തട്ടിനിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം.
















