പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഓൺലൈൻ ടാക്സി ഡ്രൈവർ അറസ്റ്റിൽ. വയനാട് സ്വദേശിയായ നൗഷാദ് (30) ആണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്.
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ അറസ്റ്റ്.
പഠനത്തിൽ പിന്നോട്ട് പോയതിനെ തുടർന്ന് രക്ഷിതാക്കൾ പെൺകുട്ടിയുടെ ഫോൺ വിളികൾ നിരീക്ഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ചോദ്യം ചെയ്യലിൽ വിവാഹിതനായ നൗഷാദുമായി പ്രണയത്തിലാണെന്ന് പെൺകുട്ടി വെളിപ്പെടുത്തി.
തുടർന്ന് രക്ഷിതാക്കൾ പോലീസിൽ വിവരമറിയിച്ചു. പെൺകുട്ടിയുടെ മൊഴിയെടുത്ത പോലീസ് പോക്സോ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി നൗഷാദിനെതിരെ കേസെടുക്കുകയായിരുന്നു.
എ.സി.പി പി. രാജ്കുമാറിന്റെ നിർദ്ദേശപ്രകാരം പാലാരിവട്ടം എസ്.എച്ച്.ഒ കെ.ആർ. രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
















