കൊല്ലത്ത് വാഹനാപകടത്തിൽ പതിനൊന്നുകാരന് ദാരുണാന്ത്യം. മൂതാക്കര സുനാമി ഫ്ലാറ്റ് 149-ൽ ജോസഫ് അലക്സ്-തസ്‌നസ് ദമ്പതിമാരുടെ മകൻ രോഹിത് ആണ് മരിച്ചത്. കൊല്ലം പോർട്ട് റോഡിൽ അമിതവേഗത്തിൽ എത്തിയ മീൻവണ്ടി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കുട്ടിയെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോർട്ടിന് തൊട്ടുമുന്നിൽ വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അപകടം. കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കാൻ പോകുകയായിരുന്നു രോഹിത്. ഡിവൈഡർ കടന്ന് നടന്നുപോകവെ പോർട്ടിൽനിന്നിറങ്ങിവന്ന വണ്ടിയിടിച്ചു വീണ കുട്ടിയുടെ ദേഹത്തുകൂടി വാഹനം കയറിയിറങ്ങുകയായിരുന്നു.
പോർട്ടിന് മുന്നിൽ മീൻകച്ചവടക്കാരുടെ തിരക്കുണ്ടായിരുന്നു. തങ്കശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന വണ്ടി പെട്ടെന്ന് വേഗംകൂട്ടിയതായി നാട്ടുകാര്‍ പറഞ്ഞു.അപകടത്തെത്തുടർന്ന് നിർത്താതെപോയ വാഹനം ജോനകപ്പുറത്തുവെച്ച് നാട്ടുകാർ തടഞ്ഞ് ഡ്രൈവറെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
















