മിത്തും മണ്ണും മനുഷ്യനും കൂടിച്ചേർന്ന ‘മാന്ത്രികത’ എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കപ്പെട്ട ചിത്രമായിരുന്നു 2022ൽ പുറത്തിറങ്ങിയ ‘കാന്താര’. ഒരു നാടോടിക്കഥയുടെയും ഫാന്റസിയുടെയും പരിവേഷത്തിൽ പുറത്തിറങ്ങിയ ചിത്രം മൂന്നു കാലഘട്ടങ്ങളിലായി നീണ്ടുകിടക്കുന്ന മുത്തശ്ശി കഥയിലൂടെയാണ് പുരോഗമിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപന കാലഘട്ടം മുതൽ തന്നെ കാന്താര സമൂഹമാധ്യമങ്ങളിലും ആരാധകർക്കിടയിലും ഒരുപോലെ ശ്രദ്ധ നേടിയിരുന്നു. കാന്താരയുടെ ചിത്രീകരണത്തോടനുബന്ധിച്ച് നടന്ന സെറ്റിലെ ദുരൂഹ മരണങ്ങൾ തന്നെയായിരുന്നു ഒരു പരിധിവരെ സിനിമയെ ആളുകൾക്കിടയിൽ ചർച്ചാവിഷയമാക്കി തീർത്തത്. കന്നട താരവും ചിത്രത്തിലെ പ്രധാന വേഷവും അവതരിപ്പിച്ച രാകേഷ് പൂജാരിയുടെ മരണമായിരുന്നു ആദ്യത്തേത്. ഒരു വിവാഹാഘോഷത്തിൽ പങ്കെടുത്തു കൊണ്ടിരിക്കെ ഹൃദയാഘാതം മൂലം ആയിരുന്നു താരത്തിന്റെ മരണം.
ഇതിനു തൊട്ടുപിന്നാലെയാണ് മലയാളി മിമിക്രി താരമായിരുന്ന കലാഭവൻ നിജുവും സിനിമയുടെ ചിത്രീകരണത്തിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ലൊക്കേഷനിൽ വച്ചായിരുന്നു നിജുവിന്റെയും മരണം. ഇതിന് പിന്നാലെ എല്ലാവരെയും പിടിച്ചു കുലുക്കിയതായിരുന്നു ചിത്രത്തിൽ അഭിനയിക്കാൻ എത്തിയ മലയാളി താരം എംഎഫ് കബിലിന്റെ വിയോഗം. അങ്ങനെ പോകുന്നു സെറ്റിലെ ദുർമരണങ്ങളുടെ നീണ്ടനിര. ഏറ്റവും ഒടുവിലായി ചിത്രത്തിന്റെ ഒന്നാം ഭാഗം പുറത്തുവരുന്നത് സംബന്ധിച്ചുള്ള വാർത്തകൾ എത്തിയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. അത് ഇങ്ങനെയായിരുന്നു… ”കാന്താര: ചാപ്റ്റർ വൺ കാണാൻ എത്തുന്നവർ മദ്യപിക്കരുത്, പുകവലിക്കരുത്, മാംസാഹാരം കഴിക്കരുത്”…

സിനിമയുടെ ചിത്രീകരണ കാലയളവിൽ തന്നെ നിരവധി ദുർമരണങ്ങൾ സെറ്റുമായി ബന്ധപ്പെട്ട് നടന്നതുകൊണ്ടുതന്നെ ഈ പോസ്റ്ററിനും ആളുകൾക്കിടയിൽ വലിയതോതിലുള്ള പ്രചാരം ലഭിക്കുകയുണ്ടായി. എന്നാൽ ഇപ്പോൾ ഇത് സത്യമാണോ എന്ന അന്വേഷണം ചെന്നു നിൽക്കുന്നത് ഋഷഭ് ഷെട്ടിയുടെ വാക്കുകളിലാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കാന്താരയുടെ അണിയറ പ്രവർത്തകർ തന്നെയാണോ ഇത്തരത്തിൽ ഒരു പോസ്റ്റർ പടച്ചു വിട്ടത് എന്ന സംശയത്തിന് താര്ത്തിന്റെ മറുപടി ഇങ്ങനെ….
സത്യാവസ്ഥ എന്ത് ?
“അത് വ്യാജ വാർത്തയാണ്. ആരോ ഒരാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ്. അതിനെ ചൊല്ലി രാജ്യത്തുടനീളം ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. ആരത് ചെയ്തു എന്തിനിങ്ങനെ ചെയ്തു എന്നറിയില്ല. അയാൾ തന്നെയാണ് കാന്താരപർവം എന്ന പേജ് ക്രിയേറ്റ് ചെയ്ത് അതിൽ കാന്താരയുടെ ഡിസൈൻ വരെ ഉൾപ്പെടുത്തി ഇങ്ങനെ ഒരു വാർത്ത പോസ്റ്റ് ചെയ്തു. ഞങ്ങൾക്ക് കാന്താര ടീമിന് അതുമായി ഒരു ബന്ധവുമില്ല. വ്യാജവാർത്തയാണ്. ഒരാളുടെ ഭക്ഷണ സ്വാതന്ത്രൃത്തിലും ജീവിതരീതികളിലും മറ്റൊരാൾക്ക് ചോദ്യം ചെയ്യാനുള്ള അവകാശമില്ല. അർഹതയില്ല അതിന്. അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. അത് ചോദ്യം ചെയ്യാൻ ഞങ്ങളാരാണ്. സിനിമയിലെ നല്ലതും ചീത്തയും പറയേണ്ടത് നിങ്ങളാണ്. പക്ഷപാതം കാണിക്കാതെ ഞങ്ങൾക്ക് പറയാനുള്ളത് ഞങ്ങൾ ഈ ചിത്രത്തിൽ പറഞ്ഞിട്ടുണ്ട്.”
സമൂഹമാധ്യമങ്ങളിൽ കാന്താര ടീമിന്റേതെന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്ററുകൾ വ്യാജമാണെന്നും ഒരാളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിലും ജീവിതരീതികളിലും ചോദ്യം ചെയ്യാൻ മറ്റൊരാൾക്ക് അവകാശമോ അർഹതയോ ഇല്ലെന്നും ചിത്രത്തിന്റെ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി.കാന്താര ചാപ്റ്റർ 1 ൻറെ റിലീസിന് മുന്നോടിയായുള്ള പ്രസ് മീറ്റ് കൊച്ചി ഫോറം മാളിൽ നടക്കുമ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. ചിത്രത്തിൻറെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി, സിനിമാറ്റോഗ്രാഫർ അർവിന്ദ് കശ്യപ്, കളറിസ്റ് രമേശ് സിപി, പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ എന്നിവർക്കൊപ്പം വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷൻസിനെ പ്രതിനിധീകരിച്ച് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും പ്രസ് മീറ്റിൻറെ ഭാഗമായി പങ്കെടുത്തു.

രണ്ടാം ഭാഗത്തിന് 1000 കോടി ക്ലബ് എന്ന ബോക്സ് ഓഫീസ് പ്രഷർ അനുഭവിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ബോക്സ് ഓഫീസ് പ്രഷർ ഇല്ല മറിച്ച് മനസ് നിറഞ്ഞ് ഈ ചിത്രത്തെ സ്വീകരിക്കുന്ന ഒരു ഓഡിയൻസ് ക്ലബ് ആണ് പ്രതീക്ഷിക്കുന്നത് എന്ന ഒരു മികച്ച ഉത്തരം ആണ് അദ്ദേഹത്തിൽ നിന്നും ലഭിച്ചത്. കാന്താരയുടെ ആദ്യഭാഗം മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതുപോലെ തന്നെ ചിത്രത്തിൻറെ രണ്ടാം ഭാഗവും സ്വീകരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ഒക്ടോബർ 2നാണ് കാന്താരയുടെ രണ്ടാം ഭാഗമായ കാന്താര ചാപ്റ്റർ 1 റിലീസിനെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി എത്തുന്ന സിനിമയുടെ മലയാളം ഡിസ്ട്രിബ്യൂഷൻ പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.
















