രാജ്യത്ത് കുട്ടികളിലുണ്ടാകുന്ന കാൻസറിൽ വർഷാവർഷം 70,000ത്തോളം പുതിയ കേസുകളാണ് കണ്ടെത്തുന്നത്. ഇപ്പോഴിതാ പീഡിയാട്രിക്ക് കാൻസർ ചികിത്സയിൽ വലിയൊരു നേട്ടമാണ് നിലവിൽ ഇന്ത്യയിലുണ്ടായിരിക്കുന്നത്. ന്യൂഡൽഹി എയിംസിലെ ഓങ്കോളജി ഡിപ്പാർട്ട്‌മെന്റ് കുട്ടികളിലെ കാൻസർ ചികിത്സയെയും അതിജീവനത്തെയും കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്.
പതിറ്റാണ്ടുകൾക്ക് മുമ്പ് കാൻസർ ബാധിക്കുന്ന കുട്ടികളിൽ അമ്പത് ശതമാനത്തോളം പേരുടെ രോഗം മാത്രമാണ് ഭേദമായിരുന്നത്. എന്നാൽ നിലവിലെ സ്ഥിതി മാറിയെന്ന് എയിംസ് ഡോ രചന സേത്ത് പറയുന്നു. ഉദാഹരണത്തിന്, അക്യൂട്ട് ലിമ്പോബ്ലാസ്റ്റിക്ക് ലുക്കീമിയ ബാധിച്ച കുട്ടികളിൽ മുപ്പത് ശതമാനമായിരുന്നു അതിജീവനത്തിന്റെ നിരക്കെങ്കിൽ നിലവിലത് 88 ശതമാനമായി ഉയർന്നു. ഇത് വലിയൊരു നേട്ടമായാണ് കണക്കാക്കുന്നതെന്ന് എയിംസ് പ്രഫസറായ ഡോ. രചന ചൂണ്ടിക്കാട്ടുന്നു.
കുട്ടിക്കാലത്ത് കണ്ണിനുണ്ടാകുന്ന കാൻസറായ റെറ്റിനോബ്ലാസ്‌തോമ, 90 ശതമാനം കേസുകളിലും സുഖപ്പെടുത്താൻ സാധിക്കുന്നുണ്ട്. വർഷാവർഷം 450നും അഞ്ഞൂറിനുമിടയിൽ പല തരം കാൻസർ കേസുകളാണ് എയിംസിൽ രജിസ്റ്റർ ചെയ്യാറുള്ളത്. ഇതിൽ ലുക്കീമിയ, ലിംഫോമ, റെറ്റിനോബ്ലാസ്‌തോമ, ബ്രയിൻ ട്യൂമർ, ബോൺ കാൻസർ എന്നിവയാണ് കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മൂന്നിൽ നാലു കേസുകളും ലുക്കീമിയയോ ലിംഫോമയോ ആവാം. അതേസമയം നാലിൽ ഒരു കേസ് റെറ്റിനോബ്ലാസ്‌തോമയാണ്. ഇതിന് പിന്നാലെ ബ്രെയിൻ, ബോൺ കാൻസറുകളും കുഞ്ഞുങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
റിപ്പോർട്ട് ചെയ്യപ്പെടുന്ന കാൻസറുകൾക്ക് ജനിതകമായ ബന്ധങ്ങളുണ്ടെന്നും ഡോ രചന ചൂണ്ടിക്കാട്ടുന്നു. അതേസമയം തന്നെ പല കാൻസറുകളുടെയും കാരണം ഇപ്പോഴും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പല കേസുകളിലും രോഗം സുഖപ്പെട്ടിട്ടും വീണ്ടും ആവർത്തിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. പതിനഞ്ച് ശതമാനമാണിതിന്റെ നിരക്ക്. ഇത്തരം രോഗികൾക്ക് കൂടുതൽ കെയർ നൽകണം. എയിംസിൽ വരുന്ന പീഡിയാട്രിക്ക് കാൻസർ രോഗികളിൽ ഭൂരിഭാഗവും യുപിയിലും ബിഹാറിലും നിന്നുള്ളവരാണ്. രാജ്യവ്യാപകമായുള്ള കാൻസർ ബാധിതരായ കുഞ്ഞുങ്ങൾക്ക് ലഭിക്കുന്ന ചികിത്സയിലെ വ്യത്യാസമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. നേരത്തെ രോഗം നിർണയിക്കാൻ സാധിക്കുന്നതും ആധുനിക കാൻസർ ചികിത്സാരീതികളും മരുന്നുകളും അതിനൊപ്പം മികച്ച ചികിത്സാ ഉപകരണങ്ങളുമെല്ലാം രോഗവിമുക്തി നിരക്ക് വൻതോതിൽ കൂടാൻ കാരണമായതായി ഡോക്ടർ പറയുന്നു.
content highlight: AIMS Report
















