പ്രണയം നടിച്ച് 15കാരിയെ ലൈംഗികമായി പീഡിപ്പിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ. എറണാകുളത്ത് യൂബർ ടാക്സി ഓടുന്ന വയനാട് ചീരാൽ സ്വദേശി നൗഷാദ് (30) ആണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് യുവാവിന്‍റെ ലൈംഗികാതിക്രമത്തെപ്പറ്റി അറിയുന്നത്.
വിവാഹിതനായ ഇയാള്‍ കുട്ടിയെ സ്നേഹം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. പഠനത്തിൽ മിടുക്കിയായിരുന്ന 15കാരി ക്ലാസ് പരീക്ഷകളിൽ പിന്നിൽ പോയതോടെയാണ് വീട്ടുകാർക്കും അധ്യാപകർക്കും സംശയമായത്. തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോണും കോൾ ലിസ്റ്റും പരിശോധിച്ചപ്പോഴാണ് സംഭവത്തെ അറിയുന്നത്.
ഫോൺ ചെയ്ത് ആരുമറിയാതെ വരാൻ പറഞ്ഞ ശേഷം 15കാരിയെ കാറിൽ കയറ്റി കൊണ്ടുപോകാറുണ്ടെന്നും ബോധ്യമായി. ഇയാൾ പെൺകുട്ടിയുടെ ഫോണിലേക്ക് എല്ലാ ദിവസവും വിളിച്ചിരുന്നതായി കോൾ ലിസ്റ്റ് പരിശോധിച്ചതില്‍ നിന്ന് പൊലീസിന് ബോധ്യമായി. നന്നായി പഠിച്ചിരുന്ന മകൾ പതിവിലും കൂടുതൽ സമയം മൊബൈലിൽ സമയം ചെലവഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മാതാപിതാക്കൾ അപകടം മണത്തത്.
ഈ സംശയത്തിനിടെയാണ് സ്കൂളിലെ അധ്യാപകരും വീട്ടുകാരോട് പെൺകുട്ടിയുടെ പെരുമാറ്റത്തിൽ പ്രശ്നമുണ്ടെന്ന് അറിയിച്ചത്. യൂബർ ഡ്രൈവറും വിദ്യാർത്ഥിനിയും തമ്മിലുള്ള സെക്സ് ചാറ്റുകളുൾപ്പെടെ ഫോണിൽ നിന്ന് കണ്ടെത്തി. പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് നൗഷാദിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
















