വീണ്ടും ചരിത്രം സൃഷ്ടിച്ച് നാസയുടെ പാർക്കർ സോളാർ പ്രോബ്. സെപ്റ്റംബർ 10 മുതൽ 20 വരെ നീണ്ടുനിന്ന സൂര്യന്റെ അന്തരീക്ഷത്തിലൂടെയുള്ള സ്വയം നിയന്ത്രിത നീക്കത്തിൽ മണിക്കൂറിൽ 6,87,000 കിലോമീറ്റർ വേഗത്തിലെത്താൻ നാലാം തവണയും പാർക്കറിന് കഴിഞ്ഞു. നീക്കത്തിന് ശേഷവും എല്ലാ സംവിധാനങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഒരു ബീക്കൺ ടോൺ പാർക്കർ ഭൂമിയിലേക്ക് അയച്ചു.
ദില്ലിയിൽ നിന്ന് ന്യൂയോർക്കിലേക്ക് വെറും 61 സെക്കൻഡിനുള്ളിൽ എത്താൻ കഴിയുന്ന വേഗത്തിലായിരുന്നു പാർക്കർ പേടകത്തിൻറെ സഞ്ചാരം. 2024 ഡിസംബർ 24നും 2025 മാർച്ച് 22നും ജൂൺ 19നും ഇതേ വേഗത പേടകം കൈവരിച്ചിരുന്നു. ഇത്രയേറെ വേഗതയിൽ സഞ്ചരിക്കുമ്പോഴും പാർക്കർ സോളാർ പ്രോബിന് സൂര്യന് സമീപത്തുനിന്നുള്ള ഡാറ്റ തൽക്ഷണം ഭൂമിയിലേക്ക് അയക്കാൻ കഴിയും. സൗരവാതങ്ങളെയും സൂര്യൻറെ പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിശദമായ പഠനത്തിനായി നാസ അയച്ചതാണ് പാർക്കർ സോളാർ പ്രോബ്.
2018-ൽ വിക്ഷേപിച്ച ഈ പേടകത്തിന്റെ പ്രധാന ദൗത്യം സൂര്യന്റെ രഹസ്യങ്ങൾ കണ്ടെത്തുക എന്നതാണ്. കൊറോണയിലൂടെ സഞ്ചരിക്കുമ്പോൾ, സൗരവാതം, ജ്വാലകൾ, കൊറോണൽ മാസ് ഇജക്ഷനുകൾ എന്നിവയുൾപ്പെടെയുള്ള നിർണായക വിവരങ്ങൾ ഈ പേടകം ശേഖരിക്കുന്നു. ഈ വിവരങ്ങൾ നമ്മുടെ സാങ്കേതിക വിദ്യകളെ സംരക്ഷിക്കാൻ സഹായിക്കും.
നിലവിൽ സൂര്യൻ അതിന്റെ 11 വർഷത്തെ ചക്രത്തിന്റെ സജീവ ഘട്ടത്തിലാണ്. സൗരജ്വാലകളും തീവ്രമായ സൗരവാതങ്ങളും ഈ സമയത്ത് സാധാരണമാണ്. അതിനാൽ പാർക്കർ ശേഖരിക്കുന്ന വിവരങ്ങൾ കൂടുതൽ വിലപ്പെട്ടതാണ്.
പാർക്കർ സോളാർ പ്രോബിന്റെ ഈ റെക്കോർഡ് വേഗതയും ഗവേഷണവും മനുഷ്യരാശിയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ ഒരു നാഴികക്കല്ലാണ്. സൂര്യന്റെ ശക്തിയെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം വർദ്ധിപ്പിക്കാനും, ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങൾ സുരക്ഷിതമാക്കാനും ഈ വിവരങ്ങൾ സഹായിക്കും. ഇത് ശാസ്ത്രലോകത്തിന് മാത്രമല്ല, ലോകം മുഴുവനുമുള്ള മനുഷ്യർക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
















