സിപിഐഎം നേതാവ് കെജെ ഷൈനിനെതിരായ സൈബർ അധിക്ഷേപ കേസിൽ യൂട്യൂബർ കെഎം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് കെഎം ഷാജഹാന് ജാമ്യം അനുവദിച്ചത്. അറസ്റ്റിൽ പൊലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. ഷാജഹാനെതിരെ കേസെടുത്ത് മൂന്ന് മണിക്കൂറിൽ അറസ്റ്റുണ്ടായെന്നും ചെങ്ങമനാട് എസ്ഐക്ക് ആരാണ് അറസ്റ്റ് ചെയ്യാൻ അധികാരം നൽകിയതെന്നും കോടതി ചോദിച്ചു.റിമാന്‍ഡ് റിപ്പോര്‍ട്ടിൽ ലൈംഗികചുവയുള്ള ഏതെങ്കിലും വാക്ക് ഉണ്ടോയെന്നും കോടതി ചോദിച്ചു. കേസിന് ആസ്പദമായ വീഡിയോയിൽ കെ ജെ ഷൈനിനോടുള്ള ചോദ്യങ്ങളല്ലെ ഉള്ളതെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
അതേസമയം, ഷാജഹാൻ കുറ്റങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി ഈ ആവശ്യം തള്ളികൊണ്ട് ജാമ്യം അനുവദിക്കുകയായിരുന്നു. കെഎം ഷാജഹാനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് തിരക്കിട്ട് അറസ്റ്റ് ചെയ്തതിന് പിന്നാലെ കോടതി ജാമ്യം അനുവദിച്ചത് പൊലീസിന് വൻ തിരിച്ചടിയാണ്.സൈബർ അധിക്ഷേപ കേസിലാണ് യൂട്യൂബർ കെഎം ഷാജഹാനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷൈന്‍റെ പേര് പറഞ്ഞിട്ടില്ലെന്നായിരുന്നു ഷാജഹാന്‍റെ വാദം.
STORY HIGHLIGHT : Court grants bail to K. M. Shajahan in K. J. Shine cybercrime case
















