ച്യൂയിങ് ഗം ചവയ്ക്കുന്നത് ശരീരത്തിലെ നാഡീവ്യവസ്ഥയെത്തന്നെ ബാധിക്കുമെന്ന് പഠനം. ഓരോ ച്യൂയിങ് ഗം ചവയ്ക്കുമ്പോഴും ആയിരക്കണക്കിന് മൈക്രോ പ്ലാസ്റ്റിക്കുകൾ നമ്മുടെ ശരീരത്തിലെത്തുന്നുണ്ടെന്നാണ് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും സംഘവും നടത്തിയ പഠനത്തിലെ കണ്ടെത്തൽ. ഈ മൈക്രോ പ്ലാസ്റ്റിക്കുകൾ നാഡീവ്യവസ്ഥയെ തന്നെ ബാധിക്കുമെന്നും മറവിരോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നം ഉണ്ടാക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ച്യൂയിങ് ഗമ്മിനെക്കുറിച്ചുള്ള ശരിയായ അവബോധം വളർത്താൻ ലക്ഷ്യമിട്ട് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ‘ച്യൂയിങ് ഗം സുയിപ്പാണ്’ എന്ന മൈക്രോ പ്ലാസ്റ്റിക്ക് രണ്ടാംഘട്ട പദ്ധതി നടപ്പാക്കുകയാണ്.
പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എം കെ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പഠന സംഘമാണ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിനുവേണ്ടി മൈക്രോ പ്ലാസ്റ്റിക്കിനെ കുറിച്ചുള്ള പഠനം നടത്തുന്നത്. പഠന റിപ്പോർട്ടിന്‍റെ വെളിച്ചത്തിൽ വിവിധങ്ങളായ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. മൈക്രോ പ്ലാസ്റ്റിക് മണ്ണിലും വിണ്ണിലും മനുഷ്യരിലും ഉണ്ടാക്കുന്ന ആഘാതത്തെ കുറിച്ചാണ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ആദ്യഘട്ട പദ്ധതി തയ്യാറാക്കിയത്.
പോളി എത്തിലിൻ, പോളി വിനെയിൽ അസറ്റെയ്റ്റ് തുടങ്ങിയ സിന്തറ്റിക് പോളിമറുകൾ അടങ്ങിയ ച്യൂയിങ് ഗം ശാരീരികമായ പ്രയാസങ്ങൾക്ക് പുറമെ പ്രകൃതിക്കും വിനാശകരമാണ്. ച്യൂയിങ് ഗം മനുഷ്യശരീരത്തിലും പ്രകൃതിക്കും ഉണ്ടാക്കുന്ന മാരകമായ ആഘാതത്തിനെതിരെയുള്ള സന്ദേശം പ്രചരിപ്പിക്കുന്ന വിവിധ പരിപാടികൾ പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷനുമായി ചേർന്ന് സംഘടിപ്പിക്കും.
പല തരത്തിലും നിറങ്ങളിലുള്ള ച്യൂയിങ് ഗം കുട്ടികളും മുതിർന്നവരും ഉപയോഗിച്ചു വരുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ച്യൂയിങ് ഗമ്മിൽ അടങ്ങിയ മൈക്രോപ്ലാസ്റ്റിക്കുകളും നിറത്തിനായി ഉപയോഗിക്കുന്ന രാസവസ്തുക്കളും ഉമിനീരിലൂടെ ആമാശയത്തിൽ എത്തുക വഴി മാരകമായ രോഗങ്ങൾക്ക് ഇടയാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ച്യൂയിങ് ഗം അവശിഷ്ടങ്ങൾ പരിസ്ഥിതിക്കും ജലത്തിനും ദോഷം ചെയ്യുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.
















