തമ്പാനൂർ റെയിൽവേ പാഴ്സൽ ഓഫീസിന് മുന്നിലുള്ള നടപ്പാതയിൽ പ്രവർത്തിക്കുന്ന കെ.എസ്.ആർ.റ്റി.സി. ഓഫീസ്, നഗരസഭയുടെ സ്ഥലം അതിക്രമിച്ച് കയറി നിർമ്മിച്ചതാണെങ്കിൽ അത് ഒഴിപ്പിക്കുന്നതിന് നിയമാനുസരണം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ഉത്തരവ് ലഭിച്ച് ആറാഴ്ചക്കുള്ളിൽ നഗരസഭാ സെക്രട്ടറി നടപടികൾ പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറഞ്ഞു. അപകടം കൂടാതെ സഞ്ചരിക്കാൻ നിർമ്മിച്ച നടപ്പാത കൈയേറി കെ.എസ്.ആർ.റ്റി.സി. ഓഫീസ് നിർമ്മിച്ചതിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി.
പൊതുമരാമത്ത് റോഡ് കൈയേറിയാണ് ഓഫീസ് നിർമ്മിച്ചതെന്നും ഇതിന് നഗരസഭയിൽ നിന്നും അനുമതി ലഭ്യമാക്കിയിട്ടുണ്ടെങ്കിൽ ഹാജരാക്കാനും കെ.എസ്.ആർ.റ്റി.സിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കേരള മുൻസിപ്പാലിറ്റീസ് ആക്റ്റ് പ്രകാരം പ്രശ്നം പരിഹരിക്കാൻ നഗരസഭാ സെക്രട്ടറിക്ക് ബാധ്യതയുണ്ടെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. അസിസ്റ്റന്റ് എഞ്ചിനീയർ റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ സ്ഥലപരിശോധനക്കായി നഗരസഭാ സെക്രട്ടറി നിയോഗിക്കണം. സ്ഥലപരിശോധനക്ക് മുമ്പ് കെ.എസ്.ആർ.റ്റി.സിക്ക് നോട്ടീസ് നൽകണം. അസിസ്റ്റന്റ് എഞ്ചിനീയർ തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഗരസഭാ സെക്രട്ടറി നടപടിയെടുക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. കവടിയാർ ഹരികുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
STORY HIGHLIGHT : If KSRTC office was built encroaching on the sidewalk, it should be evacuated: Human Rights Commission
















