വെജ് കഴിക്കുന്നവരെ സംബന്ധിച്ച് അവരുടെ മെനുവിലെ പ്രധാന ഐറ്റമാണ് സോയ നഗ്ഗറ്റുകളും ചാപ്പുകളും. ഉയര്‍ന്ന പ്രോട്ടീന്‍ നല്‍കുന്ന ഭക്ഷണമെന്ന ലേബലാണ് സോയാബീന് നല്‍കിയിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനല്ലെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. പ്രോട്ടീന്‍ ഹീറോകള്‍ എന്ന് വിളിക്കപ്പെടുന്ന ഇവ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഗട്ട് ഹെല്‍ത്ത് ആന്‍ഡ് ഹോര്‍മോണ്‍ ഹെല്‍ത്ത് വിദഗ്ദ്ധയും പോഷകാഹാര വിദഗ്ധയുമായ ഡോ. തനിഷ ബാവ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
ഈ സോയാ നഗ്ഗറ്റ്‌സില്‍ 80 മുതല്‍ 90 ശതമാനം വരെ മാവ് അടങ്ങിയിട്ടുള്ളതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നതിനോടൊപ്പം കാര്‍ബോഹൈഡ്രേറ്റുകള്‍ ശരീരത്തിലടിയുന്നതിന് കാരണമാകുന്നുവെന്നും തനിഷ ബാവ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറയുന്നു.
ഡോ.തനിഷ ബാവയുടെ വാക്കുകള്‍
‘കാര്‍ബോഹൈഡ്രേറ്റുകള്‍ മാത്രം നല്‍കുന്ന ഒന്നാണ് സോയാ. സോയ നഗ്ഗറ്റുകളില്‍ 80 മുതല്‍ 90ശതമാനം വരെ മാവ് അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കുമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. ഇത് കഴിക്കുന്നതിലൂടെ കാര്‍ബോഹൈഡ്രേറ്റുകള്‍ മാത്രമേ ശരീരത്തിന് ലഭിക്കുള്ളു’.
View this post on Instagram
നഗ്ഗറ്റ്‌സ്, ചാപ്പ് പോലുള്ള അള്‍ട്രാ-പ്രോസസ്ഡ് ആഹാരങ്ങളില്‍ അഡിക്റ്റീവുകള്‍, ആന്റി-ന്യൂട്രിയന്റുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് അവയുടെ പോഷകമൂല്യം കുറയ്ക്കുക മാത്രമല്ല. ശരീരത്തില്‍ മറ്റ് പോഷകങ്ങള്‍ ലഭിക്കുന്നതിനെ തടസപ്പെടുത്തുകയും ചെയ്യുന്നു.
സസ്യാഹാരികള്‍ക്ക് പ്രോട്ടീന്‍ ലഭിക്കാന്‍ സോയ നഗ്ഗറ്റ്‌സിന് പകരം കൂണ്‍, സ്പിരുലിന, ഓര്‍ഗാനിക് ടെമ്പെ, (ക്ലീന്‍ ബ്രാന്‍ഡുകള്‍ പ്രധാനമാണ്), ഗുണനിലവാരമുള്ള വീഗന്‍ പ്രോട്ടീന്‍ ഷേക്കുകള്‍, ക്വിനോവ, അമരന്ത് തുടങ്ങിയ ധാന്യങ്ങള്‍, ചിയ പുഡ്ഡിംഗ്സ്, നട്സ്, വിത്തുകള്‍ & ബദാം വെണ്ണ തുടങ്ങിയവയൊക്കെ കഴിക്കാവുന്നതാണ്.
















