ജിമ്മില്‍ പോകുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് മുട്ട. എന്നാല്‍ സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്കും മുട്ട കഴിക്കാനിഷ്ടമല്ലാത്തവര്‍ക്കും ഇത്രയും തന്നെ പ്രോട്ടീന്‍ റിച്ചായ മറ്റ് ഭക്ഷണങ്ങള്‍ കണ്ടെത്തുക ബുദ്ധിമുട്ടായി കരുതാറുണ്ട്. എന്നാല്‍ അവര്‍ക്കായി മുട്ടയ്ക്ക് പകരം അത്ര തന്നെ പ്രോട്ടീന്‍ സമ്പുഷ്ടമായ മറ്റ് ചില ഭക്ഷണങ്ങളെ പരിചയപ്പെടുത്താം.
പനീര്‍
ഏറ്റവും ലഭ്യവും വ്യാപകവുമായി പലരും അവരുടെ ഡയറ്റില്‍ ഉപയോഗിച്ചു വരുന്ന ഒന്നാണ് പനീര്‍. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളില്‍ ഒന്നായ പനീറില്‍ 100 ഗ്രാമിന് ഏകദേശം 13 ഗ്രാം പ്രോട്ടീന്‍ ഉള്‍കൊള്ളുന്നു. ഒരു മുട്ട നല്‍കുന്നതിനേക്കാള്‍ ഇരട്ടിയിലധികം പ്രോട്ടീന്‍ ഇതിലുണ്ട്. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും പേശികളെയും അസ്ഥികളെയും ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.
കടല
അര കപ്പ് കടലയില്‍ ഇരുമ്പ്, ഫോസ്ഫറസ്, ഫോളേറ്റ് എന്നിവയ്ക്കൊപ്പം ഏകദേശം 8 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ക്ഷീണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഊര്‍ജ്ജ ബൂസ്റ്ററായി പോഷകാഹാര വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.
നിലക്കടല
‘പാവപ്പെട്ടവന്റെ നട്‌സ്’ എന്നറിയപ്പെടുന്ന നിലക്കടലയില്‍ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം വിളമ്പില്‍ ഏകദേശം 25 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വിറ്റാമിന്‍ ഇയും ഇതില്‍ ഉള്‍പ്പെടുന്നു
മത്തങ്ങ വിത്തുകള്‍
കാണാന്‍ ചെറുതാണെങ്കിലും പോഷകസമൃദ്ധമാണ് മത്തങ്ങ വിത്തുകള്‍. വെറും 28 ഗ്രാമില്‍ 9 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം, സിങ്ക്, ഫോസ്ഫറസ് എന്നിവയാല്‍ സമ്പുഷ്ടമായ ഈ വിത്തുകള്‍ ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
















