മലയാളത്തിലെ ക്ലാസിക് ചിത്രം ‘സ്ഫടികത്തിൽ’ മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ചയാളാണ് രൂപേഷ് പീതാംബരൻ. പിന്നീട് ദുൽഖറിനെ നായകനാക്കി തീവ്രം, ടോവിനോ തോമസ് ചിത്രം യൂ ടൂ ബ്രൂട്ടസ് തുടങ്ങീ ചിത്രങ്ങളും രൂപേഷ് സംവിധാനം ചെയ്യുകയുണ്ടായി. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രം ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലും മികച്ച വേഷം രൂപേഷ് കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴിതാ യു ടൂ ബ്രൂട്ടസ് എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് രൂപേഷ്.
ടൊവിനോയെ നായകനാക്കി ചെയ്ത ചിത്രം നിർമ്മിക്കാനായി ആദ്യം ആരും മുന്നോട്ട് വന്നില്ലെന്നും, ഇന്ന് മലയാളത്തിലെ ലീഡിങ്ങ് നിർമ്മാതാവായ ഒരാൾ അന്ന് ടൊവിനോയെ ചിത്രത്തിൽ നിന്ന് മാറ്റണമെന്ന് ആവശ്യപെട്ടിരുന്നുവെന്നും രൂപേഷ് പറയുന്നു. നിർമ്മാതാവിനെ കിട്ടാത്തത് കൊണ്ട് തന്നെ സിനിമ രണ്ട് വർഷത്തോളം നീണ്ടുപോയെന്നും പിന്നീടാണ് ചിത്രത്തിലേക്ക് ആസിഫ് അലിയെ കൊണ്ടുവരുന്നതെന്നും രൂപേഷ് കൂട്ടിച്ചേർത്തു.
“എനിക്ക് കോമഡി ചെയ്യണമായിരുന്നു. അങ്ങനെ എഴുതിയ സിനിമയാണ് യു ടൂ ബ്രൂട്ടസ്. ആദ്യം ആസിഫുണ്ടായിരുന്നില്ല. ശ്രീനിയേട്ടൻ, ടൊവിനോ, സുധി കോപ്പ, അനു മോഹൻ അഹമ്മദ് സിദ്ധീഖ് എന്നിവരായിരുന്നു കാസ്റ്റ്. ഒന്നര കോടിയ്ക്ക് ചെയ്ത സിനിമയായിരുന്നു അത്. നിർമിക്കാൻ ആരും തയ്യാറായില്ല. സ്റ്റാർ കാസ്റ്റ് ഉണ്ടായിരുന്നില്ല. ആ സമയത്ത് ടൊവിനോ എബിസിഡിയും സെവൻത് ഡേയും ചെയ്തതേയുള്ളൂ. വലിയ പടങ്ങളൊന്നും ചെയ്തിട്ടില്ല ഇന്ന് മലയാളത്തിലെ ഏറ്റവും ലീഡിങ് ആയൊരു നിർമാതാവ് ടൊവിനോയെ മാറ്റണമെന്ന് പറഞ്ഞു. എന്തിനെന്ന് ചോദിച്ചപ്പോൾ ടൊവിനോയ്ക്ക് ഫ്ലെക്സിബിലിറ്റി ഇല്ലെന്ന് പറഞ്ഞു. അത് ഞാൻ കൊണ്ടു വന്നോളാമെന്ന് പറഞ്ഞു.” രൂപേഷ് പറയുന്നു
















