എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ തിരുവനന്തപുരത്തും പ്രതിഷേധ ഫ്‌ളക്‌സ് ബോര്‍ഡ്. തിരുവനന്തപുരം നരുവാമൂട് നടുക്കാട് എന്‍എസ്എസ് കാര്യാലയത്തിന് മുന്നിലാണ് പ്രതിഷേധ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. കരയോഗം ഭാരവാഹികളാണ് സുകുമാരന്‍ നായര്‍ക്കെതിരെ ഫ്‌ളക്‌സ് സ്ഥാപിച്ചത്. ‘നായര്‍ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍’ എന്നാണ് ഫ്‌ളക്‌സിലെ വാചകം. കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തുന്ന ചിത്രവും ഫ്‌ളക്‌സിലുണ്ട്.
പത്തനംതിട്ടയിലെ വിവിധയിടങ്ങളിൽ ജി സുകുമാരൻ നായർക്കെതിരെ ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടാണെന്ന് കുറ്റപ്പെടുത്തുന്നതായിരുന്നു പോസ്റ്ററുകൾ.
‘കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേട്’ എന്ന് പോസ്റ്ററില്‍ വിമര്‍ശിച്ചിരുന്നു. ആഗോള അയ്യപ്പ സംഗമത്തിന് പ്രതിനിധിയെ അയച്ചാണ് എന്‍എസ്എസ് പിന്തുണ നല്‍കിയിരുന്നത്. ഇതിന് പിന്നാലെയാണ് ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിനൊപ്പം ആണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരം സംരക്ഷിക്കാന്‍ നടപടി എടുക്കുകയാണ്. ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
സ്ത്രീപ്രവേശന വിധിക്കെതിരെ എന്‍എസ്എസ് നാമജപ ഘോഷയാത്ര നടത്തി. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും അന്ന് വിട്ടുനിന്നു. വിശ്വാസികള്‍ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീപ്രവേശനം അനുവദിച്ചില്ല. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും കോണ്‍ഗ്രസും ഒന്നും ചെയ്തില്ല. ശബരിമലയിലെ പ്രശ്നം പരിഹരിക്കുമെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും എന്‍എസ്എസിന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരിക്കുന്നത്.
STORY HIGHLIGHT: Protest flex boards against NSS General Secretary G. Sukumaran Nair
















