പൊതുസഭയിൽ മാത്രമല്ല, ന്യൂയോർക്ക് സിറ്റിയിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തിന് പുറത്തും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് എതിരെ പ്രതിഷേധം ഉയർന്നു. നെതന്യാഹു ഗോ ബാക്ക് വിളിച്ച് നൂറുകണക്കിന് പലസ്തീൻ അനുകൂലികൾ തടിച്ചുകൂടി. പാലസ്തീൻ സ്റ്റേറ്റ് വേണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്ക് വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം.
വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഒത്തുകൂടിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. നേരത്തെ യുഎൻ പൊതുസഭയിൽ നെതന്യാഹു പ്രസംഗിക്കാൻ എത്തിയപ്പോൾ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. നെതന്യാഹു തന്റെ പ്രസംഗം തുടങ്ങുന്നതിന് മുന്പ് കൂകി വിളിച്ചും, പ്രസംഗം ബഹിഷ്കരിച്ചും പ്രതിനിധികൾ പ്രതിഷേധിച്ചു. അതേസമയം പലസ്തീൻ രാജ്യം യാഥാർഥ്യമാകാൻ അനുവദിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി.
വംശഹത്യ നടത്തുകയാണെങ്കിൽ പിന്നെ ഗസയിലെ ജനങ്ങളോട് കുടിയൊഴിയാൻ ആവശ്യപ്പെടുന്നത് എന്തിനാണെന്നാണ് ബെഞ്ചമിൻ നെതന്യാഹു ചോദിക്കുന്നത്. ഗസയിലെ ജനങ്ങളെ പട്ടിണിക്കിടുന്നു എന്ന വാർത്തകളെയും നെതന്യാഹു തള്ളി. ഒരു ദിവസം ഒരാൾക്ക് 3000 കലോറി ഭക്ഷണം നൽകുന്നുണ്ട്. ഹമാസ് ബന്ദികളാക്കി വച്ച ഇസ്രയേലികളോടായി നെതന്യാഹു ഹീബ്രുവിൽ സംസാരിച്ചു. ഐക്യരാഷ്ട്ര സഭയിലെ ഇന്നത്തെ പ്രസംഗം ഗസയിൽ സൈന്യം വലിയ സ്പീക്കറുകൾ വച്ച് കേൾപ്പിക്കുന്നുണ്ടായിരുന്നു.
ഇസ്രയേൽ എന്തിനാണ് ഗസയിൽ ആക്രമണം നടത്തുന്നത് എന്ന് മനസിലാക്കാൻ വിവരങ്ങൾ ഉൾക്കൊള്ളിച്ച ക്വു ആർ കോഡ് സ്യൂട്ടിൽ ധരിച്ചാണ് നെതയ്നാഹു ഐക്യരാഷ്ട്രസഭയിൽ എത്തിയത്. പലസ്തീനെ അംഗീകരിച്ച യൂറോപ്യൻ രാജ്യങ്ങൾ ചെയ്തത് വലിയ തെറ്റാണെന്നും, പലസ്തീൻ രാജ്യം ഉണ്ടാകാൻ തങ്ങൾ അനുവദിക്കില്ലെന്നും പറഞ്ഞ നെതന്യാഹു ആയുധം താഴെവച്ചില്ലെങ്കിൽ ഹമാസിനെ വേട്ടയാടി ഇല്ലാതാക്കുമെന്ന മുന്നറിയിപ്പും നൽകി.
STORY HIGHLIGHT : Protest against Israel PM Benjamin Netanyahu at UN
















