ന്യൂഡൽഹി: ലഡാക്ക് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലേക്ക് മാറ്റി. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് ജോധ്പൂർ ജയിലിലേക്ക് മാറ്റിയതെന്നാണ് വിശദീകരണം. ദേശീയ സുരക്ഷ നിയമപ്രകാരമാണ് വാങ്ചുക്കിനെ ഇന്നലെ അറസ്റ്റ് ചെയ്തത്. ലേയിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനവും തുടരുകയാണ്. അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി ജന്തർ മന്തറിൽ മെഴുകുതിരി മാർച്ച് സംഘടിപ്പിച്ചിരുന്നു.
സോനം വാങ്ചുക്കിന്റെ എൻജിഒക്ക് എതിരെ അന്വേഷണ ഏജൻസികൾ കൂടുതൽ നടപടികൾ എടുത്തേക്കും. അതേസമയം പ്രശ്‌ന പരിഹാരത്തിന് കാർഗിൽ ഡെമോക്രാറ്റിക് അലയൻസിലെയും അപെക്‌സ് ബോഡിയിലെയും പ്രതിനിധി സംഘം കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ഇന്ന് ചർച്ചകൾ നടത്തും.
നാല് പേര്‍ കൊല്ലപ്പെട്ട ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് സമര നേതാവ് സോനം വാങ് ചുക്കിനെ അറസ്റ്റ് ചെയ്തത്. ദേശസുരക്ഷ നിയമ പ്രകാരമുള്ള അറസ്റ്റില്‍ കലാപത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സോനം വാങ്ചുക്കിന്റെ പ്രകോപന പ്രസ്താവനകളാണ് ജനക്കൂട്ടത്തെ നയിച്ചതെന്ന് കേന്ദ്ര സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.
















