കൊച്ചി: ഭൂട്ടാൻ വാഹന കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് വിളിച്ചു വരുത്തിയ മുവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയുടെ മൊഴി വിശദമായി പരിശോധിക്കാൻ കസ്റ്റംസ്. ഫെയ്‌സ് ബുക്ക് പരസ്യം കണ്ട് വണ്ടി വാങ്ങിയ താൻ കബളിപ്പിക്കപ്പെട്ടെന്നായിരുന്നു മാഹിന്റെ മൊഴി. വണ്ടി നൽകിയവരുടെ മുഴുവൻ വിവരങ്ങളും അന്വേഷണ സംഘത്തിനു കൈമാറിയതായി മാഹിൻ പറഞ്ഞു. കേസിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന നടൻ അമിത് ചക്കാലയ്ക്കലിന്റെ സമീപകാലത്തെ യാത്രാവിവരങ്ങൾ കസ്റ്റംസ് ശേഖരിക്കുന്നുണ്ട്.
പതിനഞ്ച് വർഷം ഡൽഹിയിൽ ഉപയോഗിച്ച വാഹനമെന്ന് പറഞ്ഞാണ് തന്നതെന്നും എൻഒസിക്കു വേണ്ടി കൈമാറിയ ആധാർ കാർഡിൽ കൃത്രിമം കാണിച്ചെന്നുമാണ് മാഹിന്റെ വാദം. വാഹനം നൽകിയവരെക്കുറിച്ച് മാഹിൻ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ ഇടനിലക്കാരിലേക്കെത്താമെന്നാണ് കസ്റ്റംസിന്റെ കണക്ക് കൂട്ടൽ. മാഹിന്റെ പേരിലുള്ള ലാൻഡ് ക്രൂയീസ് വാഹനം കുണ്ടന്നൂരിലെ വർക് ഷോപ്പിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
ഭൂട്ടാനിൽനിന്നു ഹിമാചൽപ്രദേശ്, അരുണാചൽപ്രദേശ്, സിക്കിം, അസം എന്നീ സംസ്ഥാനങ്ങളിൽ വഴി കേരളത്തിലെത്തിച്ചതായി കസ്റ്റംസ് കണ്ടെത്തിയ 200 വാഹനങ്ങളിൽ 38 കാറുകളാണു കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞത്. ശേഷിക്കുന്നവയെക്കുറിച്ച് ഇപ്പോഴും വിവരമില്ല. കസ്റ്റംസിന്റെ ‘ഓപ്പറേഷൻ നുമ്ഖോർ’ തുടങ്ങിയ ശേഷം നിരത്തുകളിൽനിന്നു പല ആഡംബര കാറുകളും അപ്രത്യക്ഷമായതായി അന്വേഷണസംഘം കരുതുന്നു.
















