യുനൈറ്റഡ് നേഷൻസ്: ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാനായിട്ടില്ലെന്നും ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു. യു.എൻ പൊതുസഭയുടെ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നെതന്യാഹു. ഗസ്സയിൽ നടത്തുന്നത് വംശഹത്യയാണെന്ന യുഎൻ വാദം അദ്ദേഹം തള്ളി. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കുന്നവർ ഭീകരതയെ പ്രോൽസാഹിപ്പിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.
ഫലസ്തീൻ രാഷ്ട്രമെന്ന ആശയത്തെ ഇസ്രായേൽ പ്രധാനമന്ത്രി തള്ളി. ‘ജറൂസലമിന് ഒരു മൈൽ അകലെ ഫലസ്തീൻ രാഷ്ട്രത്തിന് അനുമതി നൽകുന്നത് സെപ്റ്റംബർ 11നുശേഷം ന്യൂയോർക്കിൽ അൽഖാഇദക്ക് ഇടംകൊടുക്കുന്നതു പോലെയാണ്’ -അദ്ദേഹം പറഞ്ഞു. ഇതു കേട്ടപ്പോൾ സദസ്സിലുണ്ടായിരുന്ന യു.എസ് പ്രതിനിധി സംഘം എഴുന്നേറ്റു നിന്ന് കൈയടിക്കുന്നുണ്ടായിരുന്നു.
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറെ ഗവർണറാക്കി ഫലസ്തീൻ ടെക്നോക്രാറ്റുകളെയും മറ്റും ഉൾപ്പെടുത്തി ഗസ്സയിൽ ഇടക്കാല ബദൽ സർക്കാർ രൂപവത്കരണം എന്ന ആശയം അമേരിക്ക മുന്നോട്ടു വെച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടു ദിവസത്തിനുള്ളിൽ ബന്ദികളെ കൈമാറിയാൽ ഘട്ടം ഘട്ടമായി ഇസ്രായേൽ സൈന്യത്തെ ഗസ്സയിൽ നിന്ന് പിൻവലിക്കുന്നതും മുസ്ലിം നേതാക്കൾക്ക് മുമ്പാകെ അമേരിക്ക കൈമാറിയ 21 ഇന പദ്ധതിയിൽ ഉൾപ്പെടുന്നതായാണ് വിവരം. അതിനടെ, അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേലുമായുള്ള വ്യാപാര ബന്ധം പുലർത്തുക വഴി ഫലസ്തീനികളുടെ മനുഷ്യാവകാശം ലംഘിക്കുന്ന 68 കമ്പനികളെ കൂടി യുഎൻ കരിമ്പട്ടികയിൽ പെടുത്തി. 11രാജ്യങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളാണിവ.
















