പാലക്കാട്: ഷാഫി പറമ്പില്‍ എംപിക്കെതിരായ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിന്റെ ലൈംഗികാരോപണത്തിലെ പരാതിയില്‍ നിയമോപദേശം തേടാന്‍ പൊലീസ്. പരാതി പാലക്കാട് എസ് പി നോര്‍ത്ത് പൊലീസിന് കൈമാറും. മൂന്നാം കക്ഷിയാണ് പരാതി നല്‍കിയിരിക്കുന്നത് എന്നതിനാല്‍ നിയമോപദേശം ഇല്ലാതെ തുടര്‍നടപടി സ്വീകരിക്കില്ലെന്ന തീരുമാനത്തിലാണ് പൊലീസ്.
ഷാഫിക്കെതിരായ ആരോപണത്തില്‍ പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയും കോണ്‍ഗ്രസ് ആലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദുമാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇ എന്‍ സുരേഷ് ബാബുവിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി. അതേസമയം കൂടുതല്‍ പ്രകോപിപ്പിച്ചാല്‍ താനെല്ലാം വെളിപ്പെടുത്തുമെന്നായിരുന്നു ഇ എന്‍ സുരേഷ് ബാബുവിന്റെ പ്രതികരണം. പറഞ്ഞതൊന്നും മാറ്റി പറയുന്നില്ല. അതെല്ലാം അവിടെ തന്നെ നില്‍ക്കുകയാണ്. കോണ്‍ഗ്രസുകാര്‍ക്ക് പരാതി നല്‍കുകയോ നിയമ നടപടി സ്വീകരിക്കുകയോ ചെയ്യാമെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു. എന്നാല്‍ ആരോപണം ജില്ലയിലെ സിപിഐഎം നേതാക്കള്‍ ആരും തന്നെ ഏറ്റെടുത്തിട്ടില്ല.
ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ബാംഗ്ലൂരിലേക്ക് ഷാഫി ട്രിപ്പ് വിളിക്കുമെന്നും സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ ഹെഡ്മാസ്റ്റര്‍ ആണ് ഷാഫി പറമ്പിലെന്നായിരുന്നു സുരേഷ് ബാബുവിന്റെ ആരോപണം. ഷാഫി മാത്രമല്ല കോണ്‍ഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ അധ്യാപകരാണ്. സഹികെട്ടാണ് വി ഡി സതീശന്‍ രാഹുലിനെതിരെ നടപടിയെടുത്തത്. കൊത്തി കൊത്തി മുറത്തില്‍ കേറി കൊത്തിയപ്പോള്‍ സതീശന് രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നു. സ്ത്രീ വിഷയത്തില്‍ മുസ്‌ലിം ലീഗാണ് അവര്‍ക്ക് മാതൃകയെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു. സമയമാകുമ്പോള്‍ ഷാഫിക്കെതിരെ തെളിവുകള്‍ പുറത്തുവിടുമെന്ന വെല്ലുവിളിയും അദ്ദേഹം ഉയര്‍ത്തിയിരുന്നു.
















