അഗ്നി-പ്രൈം മിസൈലിൻ്റെ വിജയകരമായ പരീക്ഷണത്തോടെ പ്രതിരോധ മേഖലയില്‍ സുപ്രധാന നാഴികക്കല്ല് കൈവരിച്ചിരിക്കുകയാണ് ഇന്ത്യ. റെയിൽ അധിഷ്‌ഠിത മൊബൈൽ ലോഞ്ചർ സിസ്റ്റത്തിൽ നിന്ന് ഇന്ത്യ അഗ്നി-പ്രൈം മിസൈലിൻ്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി വ്യാഴാഴ്ച നടത്തിയിരുന്നു. പ്രത്യേകം രൂപകൽപ്പന ചെയ്‌ത റെയിൽ അധിഷ്‌ഠിത മൊബൈൽ ലോഞ്ചറിൽ നിന്ന് നടത്തിയ ആദ്യ വിക്ഷേപണമാണിത്. 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള അത്യാധുനിക മിസൈല്‍ സംവിധാനമാണ് രാജ്യം വിജയകരമായി പരീക്ഷിച്ചത്.
റെയിൽ അധിഷ്‌ഠിത ലോഞ്ചറിൽ ഘടിപ്പിച്ച സ്റ്റാറ്റിക് ട്രെയിൻ കോച്ചുകൾ ഉപയോഗിച്ചാണ് ആദ്യ പരീക്ഷണം നടത്തിയത്. യാതൊരു നിയന്ത്രണവുമില്ലാതെ തന്നെ രാജ്യത്തിൻ്റെ റെയിൽവേ ശൃംഖലയിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാൻ ഈ സംവിധാനത്തിന് കഴിയും. ഇത് സായുധ സേനയ്ക്ക് കുറഞ്ഞ സമയത്തിനുള്ളിൽ മിസൈലുകൾ വിക്ഷേപിക്കാനുള്ള കഴിവ് നൽകുന്നു. ഇന്ത്യയുടെ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുമെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
അഗ്നി-പ്രൈം, ഏകദേശം 2,000 കിലോമീറ്റർ പരിധിയുള്ള ഒരു നൂതന അടുത്ത തലമുറ ഇൻ്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലാണ്. അഗ്നി മിസൈൽ പരമ്പരയുടെ മുൻ പതിപ്പുകളെ അപേക്ഷിച്ച് കൂടുതല്‍ കൃത്യത, വിശ്വാസ്യത, പ്രവർത്തനക്ഷമത എന്നിവ നൽകുന്നു.നിരവധി ആധുനിക സവിശേഷതകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഈ പരീക്ഷണത്തിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഭാവിയിൽ മറ്റ് അഗ്നി-ക്ലാസ് മിസൈലുകളിലും പ്രയോഗിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്..
















