വിജയുടെ രാഷ്ട്രീയ പ്രവേശം തമിഴ്നാട്ടിൽ വമ്പൻ പോരിനാണ് തിരികൊളുത്തിയിരിക്കുന്നത്. ടിവികെ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന പ്രഖ്യാപനം കൂടെ വന്നതോടെ ദ്രാവിഡ രാഷ്ട്രീയം കൊഴുക്കുകയാണ്. ജയലളിതയുടെ പിൻഗാമിയായി തമിഴ്നാട് ഭരിക്കാമെന്ന് വിജയ് കരുതുമ്പോൾ വിജയ് തനിക്ക് പോന്ന എതിരാളി അല്ലെന്നാണ് സ്റ്റാലിന്റെ നിലപാട്. എന്നാൽ ഇപ്പോൾ ഉദയാനിധിയും രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ മന്ത്രിമകനെ പരോക്ഷമായി പരിഹസിച്ച വിജയ് യോട് ഉദയനിധി നേർക്ക് നേർ വാക്ക്പോരിനൊരുങ്ങുകയാണ്. താന്‍ ശനിയാഴ്ച മാത്രം പുറത്തിറങ്ങുന്ന രാഷ്ട്രീയ നേതാവല്ല. തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്യെ പരിഹസിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശമായിരുന്നു ഇത്. മിക്ക ദിവസങ്ങളിലും ജനങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് എന്ത് ആഴ്ച്ചയാണ് എന്നുപോലും തനിക്കറിയില്ലെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞു. വിജയ്യുടെ ശനിയാഴ്ചകളിലെ ജില്ലാ പര്യടന പരിപാടിയെയാണ് ഉദയാനിധി കൊട്ടിയത്.ആഴ്ച്ചയില്‍ നാലോ അഞ്ചോ ദിവസം ഞാന്‍ പുറത്തായിരിക്കും. ശനിയാഴ്ച മാത്രമല്ല ഞായറാഴ്ച്ചയും പുറത്തായിരിക്കും. ഇന്ന് വെളളിയാഴ്ച്ചയാണോ? എനിക്കറിയില്ല. ഞാനത് നോക്കാറില്ല’.
“ഞാന്‍ പല ജില്ലകളിലും പോകുമ്പോള്‍ അവിടെ നിവേദനങ്ങളുമായി ആളുകള്‍ നില്ക്കുന്നുണ്ടാകും. യുവജനവിഭാഗം നേതാവായിരുന്നപ്പോള്‍ കുറച്ച് നിവേദനങ്ങള്‍ ലഭിച്ചിരുന്നു. എംഎല്‍എ ആയപ്പോള്‍ അത് അധികമായി.മന്ത്രിയായപ്പോള്‍ നിവേദനങ്ങളുടെ എണ്ണം വീണ്ടും വര്‍ധിച്ചു. ഉപമുഖ്യമന്ത്രി ആയപ്പോൾ ലഭിക്കുന്ന നിവേദനങ്ങള്‍ വയ്ക്കാന്‍ വണ്ടിയില്‍ സ്ഥലമില്ലാത്ത അവസ്ഥയായി. എങ്കിലും ഞാന്‍ വണ്ടിനിര്‍ത്തി എന്നെക്കാണാന്‍ വരുന്ന അമ്മപെങ്ങന്മാരോട് സംസാരിക്കും’ ഉദയനിധി സ്റ്റാലിന് പറഞ്ഞു.
നേരത്തെ, തമിഴ്നാട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയും വിജയ്ക്കെതിരെയും വിജയുടെ പ്രചാരണ പരിപാടിയേയും വിമർശിച്ച് രംഗത്തെത്തിയിരുന്നു.ഏതായാലും വിജയുടെ രാഷ്ട്രീയ പാർട്ടിയെ മറ്റു പാർട്ടികൾ ഭയക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ നടനെന്ന രീതിയിൽ വിജയ്ക്കുള്ള ജനപ്രീതി വോട്ടാകുമോ എന്ന് കണ്ടറിയണം. വിജയ് എന്ന നടന് കിട്ടിയ അംഗീകാരം വിജയ് എന്ന രാഷ്ട്രീക്കാരന് കിട്ടുമോയെന്ന ഭയം മറ്റു സംസ്ഥാന നേതാക്കൾക്കും ഉണ്ട്.
















