ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുന്നതിനായി 97 തേജസ് മാർക്ക് 1എ (Tejas Mark 1A) യുദ്ധവിമാനങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിനായി 62,370 കോടി രൂപയുടെ വൻ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചിരിക്കുകയാണ് ഇപ്പോൾ. രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന നീക്കമാണിത്. മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള മിഗ്-21 വിമാനങ്ങൾ നിർത്തലാക്കാനിരിക്കെ വ്യോമസേനയുടെ ആധുനികവൽക്കരണവും യുദ്ധശേഷി വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ കരാറിൽ കേന്ദ്രം ഒപ്പുവെച്ചത്. നാലാം തലമുറയിൽപ്പെട്ട 68 സിംഗിൾ സീറ്റ് ഫൈറ്റർ എയർക്രാഫ്റ്റിനും 29 ട്വിൻ സീറ്റ് ട്രെയിനറുകൾക്കുമായാണ് കരാർ.
2027-28ൽ ആദ്യഘട്ടത്തിലാണ് ഇതിൻ്റെ വിതരണം ആരംഭിക്കുന്നത്. ആറ് വർഷം കൊണ്ട് മുഴുവൻ വിമാനങ്ങളും എച്ച്.എ.എൽ ലഭ്യമാക്കണമെന്നും കരാറിൽ വ്യക്തമാക്കുന്നുണ്ട്. തദ്ദേശീയമായി നിർമ്മിച്ച തേജസ് മാർക്ക് 1എ, റഷ്യൻ നിർമ്മിത മിഗ്-21 യുദ്ധവിമാനങ്ങൾക്ക് പകരമായാണ് വ്യോമസേനയുടെ ഭാഗമാകുന്നത്. എയർ ടു എയർ മിസൈലുകൾ, എയർ ടു ഗ്രൗണ്ട് മിസൈലുകൾ, ലേസർ ഗൈഡഡ് ബോംബുകൾ എന്നിവ ഉപയോഗിക്കാൻ ഇതിന് കഴിവുണ്ട്. ഈ നീക്കം ഇന്ത്യയുടെ വ്യോമശക്തി വർധിപ്പിക്കുക മാത്രമല്ല, രാജ്യത്തിന്റെ പ്രതിരോധ വ്യവസായ മേഖലയ്ക്ക് വലിയ ഉത്തേജനം നൽകുകയും ചെയ്യും.
അതേസമയം 2021ൽ 46,898 കോടി രൂപക്ക് ഓർഡർ ചെയ്ത 83 വിമാനങ്ങളിൽ ഒന്നുപോലും വ്യോമസേനക്ക് ഇതുവരെ കൈമാറിയിട്ടില്ല എന്നതാണ് ഇതിൽ ശ്രദ്ധേയം. 2024 ഫെബ്രുവരി മുതൽ 2028 ഫെബ്രുവരി വരെ 83 വിമാനങ്ങൾ വ്യോമസേനയ്ക്ക് ലഭിക്കേണ്ടതായിരുന്നു, എന്നാൽ അത് ലഭിച്ചിട്ടില്ല. ഇതിനിടെയാണ് കാബിനറ്റ് കമ്മിറ്റിയുടെ അനുമതിയോടെ 97 വിമാനങ്ങൾക്കുള്ള പുതിയ കരാർ വന്നിരിക്കുന്നത്.
തദ്ദേശീയമായി വികസിപ്പിച്ച യുദ്ധസാമഗ്രികൾക്കായുള്ള ഏറ്റവും വലിയ കരാറാണ് ഇപ്പോൾ വന്നിരിക്കുന്നത്. 83 വിമാനങ്ങളുടെ വിതരണം ആരംഭിക്കും മുമ്പ് പുതിയ കരാറിൽ ഒപ്പിടരുതെന്ന് വ്യോമസേന ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 83 വിമാനങ്ങളുടെ വിതരണം ഒക്ടോബറിൽ ആരംഭിക്കാനാകുമെന്നാണ് എച്ച്.എ.എൽ വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കൻ കമ്പനിയായ ജനറൽ ഇലക്ട്രിക്സിൽ നിന്നുള്ള ടർബോഫാൻ എൻജിനുകൾ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. നിലവിൽ മൂന്ന് എൻജിനുകൾ ആണ് എത്തിയിരിക്കുന്നത്. കൂടാതെ ഡിസംബറിൽ ഏഴെണ്ണം കൂടി എത്തും. ഓരോ വർഷവും 20 എൻജിനുകൾ വീതം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും എച്ച്.എ.എൽ വ്യക്തമാക്കിയിട്ടുണ്ട്.
















