തമിഴക വെട്രി കഴകം (തവെക) നേതാവും നടനുമായ വിജയ്‌യുടെ പ്രചാരണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 31 പേർ മരണപ്പെട്ടു. കുട്ടികളടക്കം നിരവധിപേരാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുള്ളത്. ജനക്കൂട്ടം കൂടുതൽ കൂടുതൽ തിങ്ങിനിറഞ്ഞപ്പോൾ, നിരവധി പാർട്ടി പ്രവർത്തകരും കുട്ടികളും സമ്മേളനത്തിന്റെ സമ്മർദ്ദം കാരണം ബോധരഹിതരായിപ്പോയതായി റിപ്പോർട്ടുണ്ട്. ഇതോടെ വിജയ് പ്രസംഗം നിർത്തിവച്ച് ശാന്തരാകാൻ ആഹ്വാനം ചെയ്തു. അടിയന്തര ആംബുലൻസുകൾക്ക് ആവശ്യമുള്ളവരെ സമീപിക്കാൻ വഴിയൊരുക്കാൻ അനുയായികളോട് ആവശ്യപ്പെട്ടു.
സംഭവത്തിന് ശേഷം, കരൂരിൽ നിന്നുള്ള റിപ്പോർട്ടുകൾ “ആശങ്കാജനകമാണ്” എന്ന് വിശേഷിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ദുരിതബാധിതർക്ക് ഉടൻ വൈദ്യസഹായം നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സെന്തിൽ ബാലാജി, ആരോഗ്യമന്ത്രി സുബ്രഹ്മണ്യൻ, ജില്ലാ കളക്ടർ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരുമായി സംസാരിച്ചതായും സ്റ്റാലിൻ കൂട്ടിച്ചേർത്തു. തിരുച്ചിറപ്പള്ളിയിൽ നിന്ന് സഹായം എത്തിക്കാൻ മന്ത്രി അൻബിൽ മഹേഷിനും നിർദ്ദേശം നൽകി. മെഡിക്കൽ സംഘങ്ങളുമായും പോലീസുമായും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
തളർന്നു വീണവരെ സഹായിക്കുന്നതിനായി വെള്ളക്കുപ്പികൾ വിതരണം ചെയ്തു, മെഡിക്കൽ സംഘങ്ങളെ ഉടനടി വിന്യസിച്ചു, നിരവധി പേരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി.
ഇതിനിടെ ഒമ്പത് വയസ്സുള്ള ഒരു പെൺകുട്ടിയെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ വിജയ് പോലീസിൽ നിന്ന് സഹായത്തിനായി പരസ്യമായി അഭ്യർത്ഥിക്കുകയും കുട്ടിയെ കണ്ടെത്തുന്നതിൽ തന്റെ കേഡർമാരുടെ സഹായം തേടുകയും ചെയ്തു.
2026 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തവെകയുടെ പ്രചാരണത്തിൻ്റെ ഭാഗമായാണ് വിജയ് സംസ്ഥാന പര്യടനം നടത്തുന്നത്. ഇതിൻ്റെ ഭാഗമായി ഈ മാസം 13ൻ്റെ തീയതി മുതൽ എല്ലാ ശനിയാഴ്ചകളിലും ഓരോ ജില്ലകളിൽ പ്രചാരണം നടത്തിവരികയായിരുന്നു. നാമക്കൽ, കരൂർ ജില്ലകളിലായിരുന്നു ഇത്തവണത്തെ പര്യടനം; നാമക്കലിലും വൻ ജനക്കൂട്ടം താരത്തെ കാണാനെത്തിയിരുന്നു.
വൈകുന്നേരം 7ന് കരൂർ ജില്ലയിലെ പ്രചാരണ യോഗത്തിൽ വിജയ് സംസാരിച്ചു തുടങ്ങിയതിന് പിന്നാലെ തിരക്ക് നിയന്ത്രണാതീതമാകുകയായിരുന്നു. ആദ്യമൊരു വനിത ബോധരഹിതയായി വീണതിനെത്തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകി; ഇതിനു പുറകെ 30ൽ അധികം പേർ അടുത്തടുത്ത് ബോധരഹിതരായി വീഴുകയും, തിക്കിലും തിരക്കിലും പെടുകയുമായിരുന്നു. ഏഴ് മുതിർന്നവരും മൂന്ന് കുട്ടികളുമാണ് മരിച്ചവരിൽ ഉൾപ്പെടുന്നതെന്ന് കരൂർ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചുഅബോധാവസ്ഥയിലായവരെ പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ രക്ഷപ്പെടുത്തി ആംബുലൻസിൽ ആശുപത്രികളിലേക്ക് മാറ്റി. നിലവിൽ നിരവധി പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്; മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുന്നു. സ്ഥലത്തെ അമിതമായ തിരക്കാണ് പരിഭ്രാന്തിക്കും തിക്കും തിരക്കിനും കാരണമായതെന്നാണ് പ്രാഥമിക സൂചന.
















