തമിഴ്‌നാട്ടിലെ കരൂരിൽനടനും തമിഴക വെട്രി കഴകം (ടിവികെ) മേധാവിയുമായി വിജയ്പങ്കെടുത്ത പ്രചാരണ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽമരിച്ചവരുടെ എണ്ണം 30 കടന്നു. ഇതുവരെ 32 പേർ മരിച്ചതായി കരൂർ മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. മരിച്ചവരിൽ 3 കുട്ടികളും 6 സ്ത്രീകളും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. 10 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. സ്ഥിതിഗതികൾ മുഖ്യമന്ത്രി സ്റ്റാലിൻ വിലയിരുത്തി. ആശങ്കാജനകമായ കാര്യമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.തിരക്ക് നിയന്ത്രണതീതമായതോടെയാണ് അപകടം സംഭവിച്ചത്. സംഘാടനത്തിൽ ഉണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. റാലിയിൽ പൊലീസ് നിർദേശങ്ങൾ പാലിച്ചിട്ടില്ലെന്ന് ആരോപണം ഉയർന്നു. പതിനായിരങ്ങളാണ് വിജയ് യുടെ റാലിയിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് ആരംഭിക്കേണ്ടിയിരുന്ന റാലിയാണ് രാത്രി വൈകി ആരംഭിച്ചത്. പരിചയക്കുറവും ഏകോപന പോരായ്മയുമാണ് അപകടത്തിന് കാരണമായതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കരൂർ വേലുച്ചാമിപുരത്തേക്ക് വിജയ്ക്ക് കടന്നുവരാൻ കഴിയാത്ര അത്ര തിരിക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. നിരവധി പേരാണ് കുഴഞ്ഞുവീണത്. പലരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
















