കരൂറിൽ റാലി സംഘടിപ്പിക്കുന്നുവെന്ന വിജയുടെ ട്വീറ്റിന് പിന്നാലെ ഭക്ഷണവും വെള്ളവുമില്ലാതെ ജനങ്ങള്‍ പൊരിവെയിലത്ത് കാത്ത് നിന്നത് മണിക്കൂറുകളോളമെന്ന് തമിഴ്‌നാട് ഡിജിപി ജി വെങ്കിട്ടരാമൻ. നടനും രാഷ്ട്രീയക്കാരനുമായ വിജയ് വേദിയിലേക്ക് എത്താൻ വൈകിയതിനാൽ ജനക്കൂട്ടം വർധിച്ചുവെന്നും ഡിജിപി മാധ്യമങ്ങളോട് വ്യക്തമാക്കി.
‘ഒരു നിർഭാഗ്യകരമായ സംഭവം ഉണ്ടായി, ഖേദകരം. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, 39 പേർ മരിച്ചു. അവരിൽ 12 പുരുഷന്മാരും 16 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെടുന്നു. യോഗത്തിന് അനുമതി തേടിയത് ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി 10 വരെയുള്ള സമയത്താണ്. അദ്ദേഹം 12 മണിക്ക് എത്തുമെന്നാണ് ടിവികെ എക്‌സ് അക്കൗണ്ടിൽ അറിയിച്ചത്. രാവിലെ 11 മണി മുതൽ ആളുകൾ എത്തിത്തുടങ്ങി. വൈകുന്നേരം 7.40നാണ് അദ്ദേഹം എത്തിയത്. പൊരി വെയിലിൽ കാത്ത് നിന്ന ആളുകൾക്ക് ആവശ്യത്തിന് ഭക്ഷണം, വെള്ളം എന്നിവ ലഭിച്ചിരുന്നില്ല. ആരെയും കുറ്റപ്പെടുത്തുക എന്നതല്ല ഞങ്ങളുടെ ഉദ്ദേശം. വസ്‌തുതകൾ മാത്രമാണ് പറയുന്നത്.
വിജയ് എത്തിയതോടെ വലിയ ജനക്കൂട്ടം അദ്ദേഹത്തെ പിന്തുടർന്നു. പൊലീസ് അദ്ദേഹത്തെ സുരക്ഷിതമായി വേദിയിലേക്ക് കൊണ്ടുപോയി. അദ്ദേഹം പൊലീസിനെയും പ്രശംസിച്ചു. സംഘാടകർ പ്രതീക്ഷിച്ച എണ്ണം 10,000 ആണെന്ന് പറഞ്ഞെങ്കിലും, നടനെ കാണാൻ ഏകദേശം 27,000 പേർ എത്തിയിരുന്നു. പൊലീസ് പ്രതീക്ഷിച്ചത് 20,000 പേർ ഉണ്ടാകുമെന്നാണ്’ – ഡിജിപി ജി വെങ്കിട്ടരാമൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
വിജയുടെ റാലി നടന്നത് റോഡിൽ ആയതിനാൽ കൂടുതൽ പൊലീസ് സുരക്ഷ ഉണ്ടായിരുന്നെങ്കിൽ ആളുകൾക്ക് മതിയായ ഇടം ലഭിക്കുമായിരുന്നില്ലെന്നും ഡിജിപി പറഞ്ഞു. ഡ്യൂട്ടിയിൽ 500 പൊലീസുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന ചോദ്യത്തിനാണ് മറുപടി നൽകിയത്. സുരക്ഷാ വീഴ്‌ച എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അന്വേഷണ കമ്മിഷനെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജി വെങ്കിട്ടരാമൻ വ്യക്തമാക്കി.
ജനക്കൂട്ടത്തെയും അനുബന്ധ പ്രശ്‌നങ്ങളെയും കുറിച്ച് സംഘാടകരെ വ്യക്തമായി അറിയിച്ചിരുന്നു, പൊലീസ് അധിക സഹായം നൽകി. നിലവിൽ എഡിജിപി (ക്രമസമാധാനം) ഡേവിഡ്‌സൺ ഐരാവതം, മൂന്ന് ഇൻസ്‌പെക്‌ടർ ജനറൽ ഓഫ് പൊലീസ്, രണ്ട് ഡിഐജിമാർ, 10 എസ്‌പിമാർ ഉള്‍പ്പെടെ 2000 പൊലീസ് ഉദ്യോഗസ്ഥർ കരൂരിലേക്ക് പോയിട്ടുണ്ടെന്നും തമിഴ്‌നാട് ഡിജിപി ജി വെങ്കിട്ടരാമൻ പറഞ്ഞു.
















