കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇസ്രയേല്‍ ഏകപക്ഷീയമായി തുടങ്ങിയ യുദ്ധത്തില്‍ തനിക്കും പരിക്കേറ്റിരുന്നുവെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. എന്‍ബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇറാന്‍ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്.
മസൂദ് പെസഷ്‌കിയാന്റെ വാക്കുകള്‍…..
‘രക്തം കട്ടപിടിച്ച് കിടക്കുന്ന അവസ്ഥയുണ്ടായി. പക്ഷെ താന്‍ അതിനെ അതിജീവിച്ചു. താന്‍ ഉള്‍പ്പെടെയുള്ള ഇറാനിലെ ഉന്നതരെ വധിക്കാനായിരുന്നു ഇസ്രയേലിന്റെ ശ്രമം. എന്നാല്‍ അത് നടപ്പായില്ല. നിയമവിരുദ്ധവും അധാര്‍മ്മികവുമായ ആക്രമണമാണ് ഇസ്രയേല്‍ ഇറാന് നേരെ നടത്തിയത്.’
പെസഷ്‌കിയന് ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതാദ്യമായാണ്. ടെഹ്റാനിലെ രഹസ്യകേന്ദ്രത്തിലെ ഭൂഗര്‍ഭ അറയില്‍ ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം ചേരുന്നതിനിടെയാണ് ആക്രമണം നടന്നത്. ബോംബാക്രമണത്തിന് പിന്നാലെ എമര്‍ജന്‍സി ഷാഫ്റ്റിലൂടെ പെസഷ്‌കിയനടക്കമുള്ളവര്‍ രക്ഷപ്പെടുകയുമായിരുന്നു.
പെസെഷ്‌കിയാന്റെ കാലിനായിരുന്നു പരിക്കേറ്റത്. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്, ജുഡീഷ്യറിയുടെ തലവന്‍ മൊഹ്‌സേനി എജെയ് തുടങ്ങിയവരടങ്ങുന്ന യോഗത്തില്‍ പങ്കെടുക്കവെയാണ് ആക്രമണം ഉണ്ടായത്. ടെഹറാന്റെ പടിഞ്ഞാറന്‍ മേഖലയിലുണ്ടായ മിസൈലാക്രമണത്തിലായിരുന്നു അപകടം.
ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രള്ളയെ കൊലപ്പെടുത്തിയ രീതിയില്‍ തന്നെ പെസെഷ്‌കിയാനെ ഉന്നം വെച്ചുള്ള ആക്രമണമാണ് ഇസ്രയേല്‍ പദ്ധതിയിട്ടിരുന്നത്. പെസെഷ്‌കിയാനുണ്ടായിരുന്ന കെട്ടിടത്തിലെ വായു സഞ്ചാരം പൂര്‍ണമായും തടഞ്ഞ ശേഷം വിഷപ്പുക ഉള്ളിലേക്ക് കടത്താനായിരുന്നു ഇസ്രയേലിന്റെ ശ്രമം. ഇതിനായി ആറ് മിസൈലുകളാണ് ഇസ്രയേല്‍ തൊടുത്തത്. എന്നാല്‍ കെട്ടിടത്തില്‍ രഹസ്യപാത ഉണ്ടായിരുന്നതിനാല്‍ ഇതുവഴി ഇവര്‍ രക്ഷപ്പെടുകയായിരുന്നു.
















