ചെന്നൈ: തമിഴ്‌നാട് കരൂരില്‍ തമിഴക വെട്രിക്കഴകം നേതാവ് വിജയിന്റെ പ്രചാരണയോഗത്തിനിടെയുണ്ടായ തിക്കിലുംതിരക്കിലും പെട്ട് മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എത്തി. കരൂരിൽ നടന്നത് വിവരിക്കാനാകാത്ത ദുരന്തമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ.
കരൂര്‍ മെഡിക്കല്‍ കോളേജില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എത്തിയത്. ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചശേഷം അദ്ദേഹം കുടുംബാംഗങ്ങളോടും ജനപ്രതിനിധികളോടും സ്ഥിതിവിവരങ്ങള്‍ അന്വേഷിച്ചു.
രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ നടന്നിട്ടില്ലാത്ത സംഭവമാണിത്. നടക്കാൻ പാടില്ലാത്തതുമാണ്. ജുഡീഷ്യൽ അന്വേഷണത്തിൽ അപകട കാരണം വ്യക്തമാകട്ടെയെന്നും അന്വേഷണത്തിന് ഒടുവിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നും സ്റ്റാലിൻ പറഞ്ഞു. വിജയെ അറസ്റ്റ് ചെയ്യുമോ എന്ന് ചോദ്യത്തിന് ആരെ അറസ്റ്റ് ചെയ്യും, ആരെ അറസ്റ്റ് ചെയ്യാനാകില്ല എന്ന് ഇപ്പോൾ തനിക്ക് പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് വീഴ്ചയെ കുറിച്ച് ചോദ്യത്തിന് ഉത്തരം നൽകാതെ സ്റ്റാലിൻ മടങ്ങുകയായിരുന്നു. അന്വേഷണത്തിൽ സത്യം വ്യകതമാകട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുലർച്ചയോടെ സ്റ്റാലിൻ ആശുപത്രി സന്ദർശനം നടത്തുകയായിരുന്നു. മോർച്ചറിയിലെത്തി മരിച്ചവർക്ക് അന്തിമോപാചരം അർപ്പിച്ചു. പരിക്കേറ്റവരെയും അദ്ദേഹം സന്ദർശിച്ചു. ആശുപത്രിയിൽ അവലോകന യോഗവും നടന്നു.
















