ടിവികെ അധ്യക്ഷൻ വിജയ്‌യുടെ കരൂരിലെ റാലിയിലുണ്ടായ മഹാദുരന്തത്തിന്‍റെ നടുക്കത്തിലാണ് തമിഴ്നാട്. ഒമ്പത് കുട്ടികള്‍ അടക്കം 39 പേരുടെ ജീവനെടുത്ത അപകടത്തിൽ ഞെട്ടലിലാണ് കരൂര്‍. ദുരന്തഭൂമിയായി മാറിയ കരൂരിലെ റാലി നടന്ന സ്ഥലത്ത് ചെരുപ്പുകളടക്കം കുന്നുകൂടി കിടക്കുകയാണ്.
ദുരന്തത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്ന നടുക്കുന്ന കാഴ്ചകളാണ് വേലുചാമിപുരത്തുള്ളത്. വേലുചാമിപുരത്ത് വിജയ‍്‍യെ കാണാൻ വൻ ആളൊഴുക്കുണ്ടായെന്ന് ദൃക് സാക്ഷികള്‍ പറയുന്നു. പലരും ഇന്നലെ ഉച്ചയോടെ തന്നെ സ്ഥലത്ത് വന്നു കാത്തിരുന്നു. ദുരന്തത്തിൽ മരിച്ചവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.
ടിവികെ അധ്യക്ഷനായ വിജയ് ശനിയാഴ്ച ഉച്ചയോടെ കരൂരിൽ എത്തേണ്ടതായിരുന്നു. എന്നാൽ കുറഞ്ഞത് ആറ് മണിക്കൂർ വൈകി മാത്രമാണ് അദേഹം പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേർന്നത്. വിജയ് എത്തിയപ്പോഴേക്കും ജനക്കൂട്ടം നിയന്ത്രിക്കാൻ സാധിക്കാത്തത്രയും വളരെ വലുതായിക്കഴിഞ്ഞിരുന്നു. തിരക്കും ചൂടും കാരണം നിരവധി പേർ ബോധരഹിതരായി വീഴാൻ തുടങ്ങി.
ആളുകൾ ബോധരഹിതരായി വീഴുന്നത് ശ്രദ്ധയിൽപ്പെട്ട വിജയ് പ്രസംഗം നിർത്തി പ്രചാരണ ബസിൽ നിന്ന് വെള്ളക്കുപ്പികൾ ജനങ്ങളിലേക്ക് എറിയാൻ തുടങ്ങി. തുടർന്ന് വിജയുടെ ബസിന് സമീപം എത്താൻ ശ്രമിക്കുന്നതിനിടെയാണ് ഒരു കൂട്ടം അനുയായികളും ആരാധകരും തിക്കിലും തിരക്കിലും പെട്ടത്. 10,000 മാത്രമേ പരിപാടിയിൽ പ്രതീക്ഷിച്ചിരുന്നതെന്ന് ടിവികെ ഘടകങ്ങൾ അറിയിച്ചതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
ചെന്നൈയിൽ നിന്ന് രാവിലെ തിരുച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചാർട്ടേഡ് വിമാനത്തിൽ എത്തിയ വിജയ് പ്രചാരണത്തിനായി നാമക്കലിലേക്ക് പോയി. ഉച്ചയ്ക്ക് 12 മണിയോടെയാണ് വിജയ് നാമക്കലിലെ കേഡർമാരെ അഭിസംബോധന ചെയ്യാൻ തീരുമാനിച്ചിരുന്നതെങ്കിലും ഉച്ചയ്ക്ക് 2.30 ഓടെയാണ് അദ്ദേഹം വേദിയിലെത്തിയത്.
നാമക്കലിൽ പ്രചാരണം പൂർത്തിയാക്കിയ ശേഷം വിജയ് കരൂരിലേക്കുള്ള യാത്ര ആരംഭിച്ചു. നാമക്കലിൽ നിന്ന് കരൂരിലേക്കുള്ള വഴിയിൽ നൂറുകണക്കിന് കേഡർമാരും പൊതുജനങ്ങളും നിരന്നതിനാൽ യാത്ര മണിക്കൂറുകൾ വൈകിയാണ് കാരൂരിലെത്തിയത്.
അതേസമയം പുലര്‍ച്ചെയോടെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ വിട്ടു കൊടുത്തു തുടങ്ങി. 38 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.ഉറ്റവര്‍ മരിച്ചവരുടെ വേദന താങ്ങാനാത്തവരുടെ ഹൃദയഭേദകമായ കാഴ്ചയാണ് ആശുപത്രി പരിസരത്ത്. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായമായി തമിഴ്നാട് സര്‍ക്കാര്‍ പത്ത് ലക്ഷം പ്രഖ്യാപിച്ചു. കരൂർ റൗണ്ടാനയിലായിരുന്നു വിജയ് പരിപാടി നടത്താൻ ആദ്യം അനുമതി തേടിയത്. എന്നാൽ, അവിടെ സൗകര്യം ഇല്ലെന്ന് പറഞ്ഞാണ് പൊലീസ് അനുമതി നിഷേധിച്ചതെന്നാണ് പറയുന്നത്.
















