രാജ്യത്തെ ഒന്നാകെ നടുക്കിയിരിക്കുകയാണ് തമിഴ്നാട്ടിലെ കരൂരിൽ നടന്ന മഹാദുരന്തം. ടിവികെ അധ്യക്ഷൻ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി പേർ ഗുരുതരാവസ്ഥയിലും അല്ലാതെയും ആശുപത്രികളിലാണ്.
വിജയ്‌യുടെ റാലി ആവേശക്കടലായി ആരംഭിച്ച് ദുരന്തമായി മാറുകയായിരുന്നു. ഉറ്റവരുടെ ജീവനറ്റ ശരീരങ്ങൾക്കു മുന്നിൽ അലമുറയിട്ടു കരയുന്നവർ, സഹായത്തിനായി കേഴുന്നവർ, ആശുപത്രിയിലേക്ക് പരുക്കേറ്റവരുമായി കുതിക്കുന്ന ആംബുലൻസുകൾ..ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു കരൂരിലേത്.
പതിനായിരം പേരുടെ പരിപാടിക്കാണ് സംഘാടകർ അനുമതി തേടിയത്. എത്തിയതാകട്ടെ ജനസാഗരം. ശനിയാഴ്ച ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന പരിപാടി മണിക്കൂറുകൾ നീണ്ടതും ദുരന്തത്തിന്റെ ആക്കം കൂട്ടി. കരൂരിലെ വേലുച്ചാമിപുരത്ത് കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ് യോഗം ആരംഭിച്ചത്. നാമക്കലിലെ റാലിക്ക് ശേഷം പറഞ്ഞതിലും ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് കരൂരില്‍ എത്തിയത്.
വന്‍ തിരക്കും നിര്‍ജലീകരണവും കൂടിയായപ്പോള്‍ മണിക്കൂറുകളായി നിലയുറപ്പിച്ച പ്രവര്‍ത്തകരും കുട്ടികളും ബോധരഹിതരായി. വെള്ളക്കുപ്പികള്‍ എത്തിക്കാന്‍ പൊലീസിന്‍റെ സഹായം വിജയ് ആവശ്യപ്പെട്ടെങ്കിലും വന്‍ തിരക്കിനിടെ ആ ശ്രമം വിഫലമായി. വാഹനത്തില്‍ നിന്നും വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞ് നല്‍കിയതോടെയാണ് സാഹചര്യം കൂടുതല്‍ വഷളായത്.
കൂടാതെ പ്രധാനമായും വിജയ്ക്ക് ഈ പ്രസംഗ സഥലത്തേക്ക് എത്താൻ ഒറ്റ വഴി മാത്രമാണ് ഉണ്ടായിരുന്നത്, തുടർന്ന് ആ വഴിയിലൂടെ എല്ലാവരും അകത്തേക്ക് കടക്കുന്നു. അതിന് പിന്നാലെ പോലീസ് ബാരികേടുകളും ഷിറ്റുകളുംകൊണ്ട് എല്ലാ വഴികളും അടച്ചുവെച്ചു. പക്ഷെ ആ വഴികൾ ഒക്കെയും തല്ലിപൊളിച്ച് കൊണ്ടാണ് പ്രവർത്തകൾ അകത്തേക്ക് കയറിവന്നത്. അങ്ങനെ കയറി വന്നതോട് കൂടി അവിടെ താങ്ങാവുന്നതിലും അധികം ആളുകളായി. അവരൊക്കെയും വിജയ്‌യുടെ വണ്ടിയിലേക്ക് ഇരച്ചെത്തി. ഇതോടെ സാഹചര്യം കൂടുതല്‍ വഷളായി.
അതേസമയം വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. ഏറെ പണിപ്പെട്ടാണ് ടിവികെ പ്രവർത്തകരെ സംഭവ സ്ഥലത്ത് നിന്ന് പോലീസ് മാറ്റിയത്. ഗർഭിണിയായ സ്ത്രീക്ക് കൂടി പരിക്ക് ഏറ്റിട്ടുണ്ടെന്ന സങ്കടകരമായുള്ള വിവരം കൂടി പുറത്തുവരുന്നു. ഇവർ ആശുപതിയിൽ ചികിത്സയിലാണ്.
വന്‍ തിരക്കിനിടെ ആംബുലന്‍സുകളെ കടത്തി വിടുക ശ്രമകരമായിരുന്നു. നിലത്ത് വീണവരെയെല്ലാം പണിപ്പെട്ട് ആശുപത്രികളില്‍ എത്തിച്ചത്. അതിനിടെ പലര്‍ക്കും ജീവന്‍ നഷ്ടമായി. ആശുപത്രിയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്‍യുടെ റാലിയില്‍ തിക്കിലും തിരക്കും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. മരിച്ചവരില്‍ 17 പേര്‍ സ്ത്രീകളും 9 പേര്‍ കുട്ടികളുമാണ്. അഞ്ച് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമാണ് മരിച്ചത്. ഒന്നരവയസുകാരനും അപകടത്തില്‍ ജീവന്‍ നഷ്ടമായിട്ടുണ്ട്. പരിക്കേറ്റ 111 പേര്‍ ചികിത്സയിലാണ്.
പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ 17 പേരുടെ നില ഗുരുതരമായി തുടരുന്നു.സമീപ ജില്ലകളിൽ നിന്നുള്ള മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ അമരാവതി മെഡിക്കൽ കോളജിലും കരൂർ സർക്കാർ ആശുപത്രിയിലുമാണ്. 15 പേരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോര്‍ട്ടം പൂർത്തിയാക്കി.12 പേരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.
















