ചെന്നൈ: കരൂറില്‍ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴ് വെട്രി കഴകം റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരിച്ച 38 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ ഒരു ഒന്നര വയസുകാരനും രണ്ട് ഗര്‍ഭിണികളും ഉണ്ടെന്നാണ് വിവരം.
ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. ഹേമലത, മക്കളായ സായ് കൃഷ്ണ, സായ് ജീവ എന്നിവരാണ് മരിച്ചത്. രാവിലെ ആറുമണിയോടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിത്തുടങ്ങി. 15 പേരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. 12 മൃതദേഹങ്ങള്‍ ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കരൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. ആകെ ഒന്‍പത് കൂട്ടികളും 17 സ്ത്രീകളും മരിച്ചു. പരിക്കേറ്റ് 51 പേരില്‍ 12 പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ ഭൂരിഭാഗവും കരൂര്‍ സ്വദേശികളാണ്. കരൂര്‍ മെഡിക്കല്‍ കോളേജിലും പരിസരത്തും ജനങ്ങള്‍ അലമുറയിട്ട് കരയുകയാണ്. പ്രിയപ്പെട്ടവരുടെ വിയോഗം താങ്ങാനാവാത്ത അവസ്ഥയിലാണവര്‍.
















