രാജ്യത്തെ ഒന്നാകെ നടുക്കിയിരിക്കുകയാണ് തമിഴ്നാട്ടിലെ കരൂരിൽ നടന്ന ദുരന്തം. ടിവികെ അധ്യക്ഷൻ വിജയ്യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി പേർ ഗുരുതരാവസ്ഥയിലും അല്ലാതെയും ആശുപത്രികളിലാണ്. ഇപ്പോഴിതാ സംഭവത്തിൽ അപലപിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുയാണ് കമൽഹാസനും രജനികാന്തും. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തിയ ഇരുവരും കരൂരിൽ നിന്നും വരുന്ന ഓരോ വർത്തകളും ഹൃദയം നുറുക്കുന്നുവെന്ന് കുറിച്ചു.
രജനികാന്തിന്റെ വാക്കുകൾ:
കരൂരിൽ നടന്ന സംഭവത്തിൽ ഒട്ടേറെ നിരപരാധികളുടെ ജീവൻ പൊലിഞ്ഞെന്ന വാർത്ത ഹൃദയത്തെ നുറുക്കുകയും അത്യന്തം ദുഃഖം ഉളവാക്കുകയും ചെയ്യുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എൻ്റെ അഗാധമായ അനുശോചനം. പരുക്കേറ്റവർ വേഗം തിരിച്ചുവരട്ടെ”.
കമൽഹാസന്റെ വാക്കുകൾ:
”എൻ്റെ ഹൃദയം നുറുങ്ങുന്നു. കരൂരിൽ നിന്ന് വരുന്ന വാർത്ത ഞെട്ടലും സങ്കടവും നൽകുന്നതാണ്. ജനത്തിരക്കിൽ അകപ്പെട്ട് ജീവൻ നഷ്ടപ്പെട്ട നിരപരാധികളോട് എൻ്റെ അഗാധമായ അനുശോചനം രേഖപ്പെടുത്താൻ വാക്കുകളില്ല. അപകടത്തിൽ രക്ഷപ്പെട്ടവർക്ക് ശരിയായ ചികിത്സയും ദുരിതബാധിതർക്ക് ഉചിതമായ ആശ്വാസവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഞാൻ തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്”.
അതേസമയം കരൂരിലെ ടിവികെ അധ്യക്ഷൻ വിജയ്യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 39 പേർക്കായിരുന്നു ജീവൻ നഷ്ടമായത്. ഇതിൽ 17പേര്‍ സ്ത്രീകലും 13 പേര്‍ പുരുഷന്മാരും 9പേര്‍ കുട്ടികളുമാണ്. ഒന്നര വയസുള്ളൊരു കുഞ്ഞും മരിച്ചിട്ടുണ്ട്. മരിച്ചവരിൽ 38പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 14 പേരുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നൽകി തുടങ്ങി.
ഒരു സ്ത്രീയുടെ മൃതദേഹമാണ് തിരിച്ചറിയാൻ ബാക്കിയുള്ളതെന്നും 111 പേരാണ് ചികിത്സയിലുള്ളതെന്നും 51പേരാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളതെന്നും കരൂര്‍ ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
















