തിമഴ്നാട്ടിലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള മറുപടിയാണ് വിജയുടെ രാഷ്ട്രീയ പ്രവേശം എന്ന രീതിയിലായിരുന്നു ടിവികെ ഇതുവരെ പ്രചാരണ പരിപാടികൾ നടത്തിയത്. എന്നാൽ ഇന്നലെ കാരൂരിൽ സംഭവിച്ചത് പാർട്ടിയുടെ പിടിപ്പ് കേടാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇത് വിജയുടെ രക്ഷകൻ ഇമേജിനെ ബാധിക്കുമെന്നതിൽ സംശയമില്ല.കോടതിയെ പോലും ധിക്കരിച്ച് നിയന്ത്രണമില്ലാത്ത ജനക്കൂട്ടത്തിനിടയിലേക്ക് പഞ്ച് ഡയലോഗുകളുമായി ഇറങ്ങിയ വിജയ്‌യുടെ മാസ് പരിവേഷം കരൂരിൽ തകർന്നുവീണു. 39 പേരുടെ മരണത്തിനും ഇരട്ടിയിലേറെ പേർക്ക് പരിക്കേൽക്കാനും കാരണമായ സംഭവത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാതെ ചെന്നൈക്ക് മടങ്ങിയ താരത്തിനെതിരെ വിമർശനം ശക്തമാവുകയാണ്.വിജയ് ഉച്ചയ്ക്ക് 12 മണിയ്ക്ക് എത്തുമെന്ന് പറഞ്ഞിട്ടും അദ്ദേഹം വൈകിയതാണ് ഈ ദുരന്തത്തിനു കാരണമെന്നാണ് ഒരാൾ എക്സിൽ കുറിച്ചത്.10,000 പേർ മാത്രമാണ് റാലിക്കെത്തുക എന്നാണ് ടിവികെയുടെ സംഘാടകർ പറഞ്ഞതെന്നും എന്നാൽ ഒരു ലക്ഷത്തോളംപേരാണ് ഇവിടെയെത്തിയതെന്നും ഡിഎംകെ വക്താവ് സേലം ധരണീധരൻ ആരോപിച്ചു. സിനിമയും ജീവിതവും തമ്മിലുള്ള വ്യതസം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തം നടക്കുമ്പോൾ നേതാവ് ഒളിച്ചോടിയെന്നാണ് പ്രധാന ആരോപണം.അപകടത്തിന് പിന്നാലെ അതിവേഗം വേദി വിട്ട വിജയ്, തിരുച്ചിറപ്പള്ളിയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ ചെന്നൈയിലെ വീട്ടിലെത്തി. മാധ്യമങ്ങളോട് പ്രതികരിക്കാതെ എക്സിൽ അനുശോചനക്കുറിപ്പ് രേഖപ്പെടുത്തി. ഹൃദയം തകർന്നിരിക്കുകയാണെന്നാണ് ആദ്യ പ്രതികരണം. സംഭവം നടന്ന് ഏകദേശം മൂന്ന് മണിക്കൂർ കഴിഞ്ഞാണ് വിജയ് പ്രതികരിച്ചതെന്നും വിമർശനം ഉണ്ട്. ട്വിറ്ററിലാണ് വിജയ് തന്‍റെ പ്രതികരണം രേഖപ്പെടുത്തിയത്. വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്തതും അസഹനീയവും വിവരണാതീതവുമായ വേദനയിലും ദുഖത്തിലുമാണ് താൻ എന്നാണ് വിജയ് കുറിച്ചത്.
‘എൻ്റെ ഹൃദയം തകർന്നിരിക്കുന്നു, വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്തതും അസഹനീയവും, വിവരണാതീതവുമായ വേദനയിലും ദുഖത്തിലും പുളയുകയാണ് ഞാൻ. കരൂരിൽ ജീവൻ നഷ്‌ടപ്പെട്ട എൻ്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് എൻ്റെ അഗാധമായ അനുശോചനവും സഹതാപവും അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർഥിക്കുന്നു’ -സംഭവത്തിൽ വിജയ് വേദന പങ്കുവച്ചു.
വിജയിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ദുരന്തത്തിന്‍റെ ഉത്തരവാദിത്തം ടിവികെയ്ക്ക് എന്ന് ഡിഎംകെ നേതാക്കൾ കുറ്റപ്പെടുത്തുന്നു. വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ചെന്നൈയിൽ വിജയ്‌യുടെ വീടിന് മുന്നിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
















