ഒരു രാഷ്ട്രീയ പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ ഇത്രയധികം ആളുകൾ കൊല്ലപ്പെട്ട സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തമിഴ്‌നാട്ടിലെ കരൂരിൽ തമിഴഗ വെട്രി കഴകം (ടിവികെ) പ്രസിഡൻ്റും നടനുമായ വിജയുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ച സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
”ഞാൻ ഇവിടെ അഗാധമായ ദുഖത്തോടെയാണ് നിൽക്കുന്നത്. കരൂരിൽ നടന്ന ഭയാനകമായ അപകടം എനിക്ക് വിവരിക്കാൻ കഴിയില്ല. ഇന്നലെ വൈകുന്നേരം 7:45ഓടെ, ഞാൻ ചെന്നൈയിൽ ഉദ്യോഗസ്ഥരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, അത്തരമൊരു സംഭവം നടന്നതായി എനിക്ക് വാർത്ത ലഭിച്ചു. വിവരം ലഭിച്ചയുടനെ, മുൻ മന്ത്രി സെന്തിൽ ബാലാജിയെ വിളിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ആശുപത്രിയിൽ പോകാൻ നിർദേശിച്ചു. മരണസംഖ്യയെക്കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ, സമീപത്തുള്ള മന്ത്രിമാരോട് കരൂരിലേക്ക് പോകാൻ ഞാൻ നിർദേശിച്ചു.
ഇതുവരെ 39 പേർ മരിച്ചു. നമ്മുടെ സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ ഇത്രയധികം ആളുകൾക്ക് ജീവൻ നഷ്‌ടപ്പെട്ടിട്ടില്ല, ഭാവിയിൽ ഒരിക്കലും ഇത്തരമൊരു ദുരന്തം സംഭവിക്കരുത്. നിലവിൽ 51 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജീവൻ നഷ്‌ടപ്പെട്ടവർക്ക് ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകും. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകും. വിരമിച്ച ഹൈക്കോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ ഒരു അന്വേഷണ കമ്മിഷൻ രൂപീകരിക്കാൻ ഞാൻ ഉത്തരവിട്ടിട്ടുണ്ട്” – സ്റ്റാലിൻ വ്യക്തമാക്കി.
അതേസമയം സംഭവത്തിന് പിന്നിലെ സത്യം വെളിപ്പെട്ടുകഴിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും അന്വേഷണ കമ്മിഷനിലൂടെ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. അന്വേഷണ കമ്മിഷനിലൂടെ സത്യം വെളിപ്പെട്ടുകഴിഞ്ഞാൽ, കർശന നടപടി തീർച്ചയായും സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയോടെ എംകെ സ്റ്റാലിൻ മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതോടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
കഴിഞ്ഞ ദിവസമാണ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് പങ്കെടുത്ത റാലിയിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് കുട്ടികളടക്കം 39 പേർക്ക് ദാരുണാന്ത്യം സംഭവിച്ചത്. മരിച്ചവരിൽ 14 പേർ സ്ത്രീകളാണ്. നിരവധി പേർ ആശുപത്രിയിൽ തുടരുകയാണ്.
പരിക്കേറ്റ പലരെയും ഉടൻ തന്നെ കരൂർ മെഡിക്കൽ കോളജടക്കമുള്ള ആശുപത്രികളിൽ എത്തിച്ചെങ്കിലും പലരും കുഴഞ്ഞു വീഴുകയായിരുന്നു. വിജയ് സംസാരിക്കുന്നതിനിടെ മൈതാനത്തുണ്ടായിരുന്ന ചിലർ ബോധരഹിതരായി വീണതാണ് ദുരന്തത്തിന് തുടക്കമിട്ടത്. തുടർന്ന് വിജയ് പ്രസംഗം നിർത്തിവച്ച് രക്ഷാപ്രവർത്തനത്തിന് പൊലീസിൻ്റെ സഹായം അഭ്യർഥിച്ചു.
ആംബുലൻസുകൾ സ്ഥലത്തെത്താൻ ഏറെ ബുദ്ധിമുട്ടി. അണികളെ പൊലീസ് ലാത്തിച്ചാർജ് നടത്തിയാണ് പറഞ്ഞയച്ചത്. ദുരന്തത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ച ശേഷവും പിരിഞ്ഞുപോകാതിരുന്നതിനാലാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. ജനബാഹുല്യം കാരണം ആംബുലൻസുകൾ ഉൾപ്പെടെ എത്താൻ വൈകിയതും ദുരന്തത്തിൻ്റെ വ്യാപ്‌തി വർധിപ്പിച്ചു.
















