വിജയ്യുടെ തമിഴ് വെട്രി കഴകം റാലിക്കിടെയുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് ആളുകൾ. പാർട്ടിയുടെ കരുത്ത് കാണിക്കാൻ എത്തിയെന്നു പറഞ്ഞാലും അവിടെയെത്തിയതിൽ ഭൂരിഭാഗവും തങ്ങളുടെ ആരാധക പുരുഷനെ ഒരുനോക്ക് അടുത്ത് കാണാനായിട്ടാണ്.
എന്നാൽ അത് ഇത്തരത്തിൽ ഒരു അപകടത്തിലേക്ക് എത്തുമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാവില്ല. വിജയ്യെ കാത്ത് അനേകായിരങ്ങളാണ് നിന്നിരുന്നത്. പരിപാടിയ്ക്കായി വിജയ് വളരെ താമസിച്ചാണ് എത്തിയത്. ഇതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. വിജയ് കാരവാന് മുകളില്‍ നിന്ന് കുപ്പികള്‍ എറിഞ്ഞ് കൊടുത്തത് ആണ് അപകടകാരണം എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിജയ് എറിഞ്ഞ കുപ്പി പിടിക്കാന്‍ ആളുകള്‍ തിടുക്കം കാട്ടിയതോടെ വലിയ തിക്കും തിരക്കുമുണ്ടായി എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
താരത്തെ കാണാനായി നിരവധി പേർ മുന്നോട്ട് കുതിച്ചെത്തിയ സ്ഥലത്ത് ചിലർ ബോധരഹിതരായി വീണതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു, ഇതാണ് തിക്കിലും തിരക്കിലും കലാശിച്ചത്. നാമക്കലിൽ നേരത്തെ നടന്ന റാലിക്ക് ശേഷം വിജയ് പ്രസംഗിക്കേണ്ടിയിരുന്ന സ്ഥലത്ത് “കുറഞ്ഞത് 30,000 പേരെങ്കിലും തടിച്ചുകൂടിയിരുന്നതായി” ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അദ്ദേഹത്തിന്റെ വരവ് ഏഴ് മണിക്കൂറിലധികം വൈകിയായിരുന്നു. ഈ സമയത്ത് ജനക്കൂട്ടം പെരുകുകയും ചൂടും തിരക്കും കാരണം ആളുകൾ ശ്വാസംമുട്ടാൻ തുടങ്ങുകയും ചെയ്തു. “രാവിലെ 10 നും ഉച്ചകഴിഞ്ഞ് 3 നും ഇടയിലാണ് അനുമതി ചോദിച്ചത്, ഉച്ചയ്ക്ക് 12.30 ഓടെ വിജയ് അവിടെ എത്തുമെന്ന് പ്രഖ്യാപിച്ചു. രാവിലെ 11 മണി മുതൽ ജനക്കൂട്ടം ഒത്തുകൂടാൻ തുടങ്ങി, പക്ഷേ അദ്ദേഹം വൈകുന്നേരം 7.40 ന് മാത്രമാണ് വേദിയിലെത്തിയത്. ജനക്കൂട്ടത്തിന് വെള്ളമോ ഭക്ഷണമോ ലഭിച്ചില്ല. ഞങ്ങൾ ആരെയും കുറ്റപ്പെടുത്തുന്നില്ല, മറിച്ച് വസ്തുതകൾ പറയുകയാണ്,” എന്നും ഡിജിപി പറഞ്ഞു.
content highlight: Karoor Incident
















