ഹൃദയം തകർക്കുന്ന രംഗങ്ങളാണ് കരൂരിലുള്ളത്. ഗുരുതരാവസ്ഥയിൽ കഴിയുന്നവർ ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന പ്രാർഥനയിൽ നെഞ്ചുപൊട്ടിക്കരയുന്ന അമ്മമാരുടേയും സഹോദരങ്ങളുടേയുമൊക്കെ മുഖങ്ങളാണ് എപ്പോഴും നിറയുന്നത്. തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാനായി എല്ലാം മറന്നെത്തിയവർക്ക് ജീവിതത്തിലെ അവസാന രാത്രിയാകുമായിരുന്നു അതെന്ന് മനസിലാക്കാനായില്ല. പകല്‍ മുതല്‍ വിജയ് എന്ന നേതാവിനായി അവർ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ തിക്കിലും തിരക്കിലും പ്രതീക്ഷകളോടെ നിന്നു.
അതിൽ കുഞ്ഞുങ്ങൾ, സുഖമില്ലാത്തവർ, ഗർഭിണികൾ, പ്രായമായവർ എന്നുവേണ്ട താരത്തിന്റെ മാസ് ഡയലോഗുകളിൽ മതിമറന്നെത്തിയവർ ലക്ഷങ്ങളായിരുന്നു. ഒറ്റശബ്ദത്തിൽ വിജയ്ക്ക് ജയ് വിളിച്ച ജനം, ഒരു രാവ് പുലർന്നപ്പോഴേക്കും ആ മനുഷ്യനെ തള്ളിപ്പറഞ്ഞു. ‘ഉച്ചക്ക് എത്തിച്ചേരുമെന്ന് പ്രചരിപ്പിച്ച് പിന്നീട് വെെകുന്നേരം ഏഴരയോടെ മാത്രം എത്തിയതുകൊണ്ടല്ലെ ഇത്രയധികം ആളുകൾ ഇവിടെ തടിച്ചുകൂടിയത്. അതുകൊണ്ടല്ല ഈ അപകടമുണ്ടായത് ‘- പരിപാടിയിൽ പങ്കെടുത്തവർ ചോദിക്കുന്നു. രാഷ്ട്രീയം അങ്ങനെയാണ്. മാസ് ഡയലോഗ് പറഞ്ഞ് ജനങ്ങളെ ഇളക്കിമറിക്കാം. അവരെ കയ്യിലെടുക്കാൻ പലതും പറയാം. ആ ഓളത്തിൽ വൻ ആൾകൂട്ടവുമുണ്ടാകാം. എന്നാൽ തങ്ങളെ വിശ്വസിച്ചെത്തുന്നവരെ വെറുംവോട്ടുബാങ്കായി മാത്രം കാണുന്ന രാഷ്ട്രീയം പലപ്പോഴും അപകടത്തിന് വഴിവെയ്ക്കും. വിജയ്ക്കുണ്ടായതും അതുതന്നെയെന്ന് രണ്ടാമതൊന്നാലോചിക്കേണ്ടതില്ല. ചുട്ടുപൊള്ളുന്ന വെയിലിൽ ഒരു വിശ്രമ പന്തൽ പോലുമില്ലാതെ, ഒരു കുപ്പി വെള്ളം പോലും സമയാസമയം ലഭിക്കാതെ ദാഹിച്ചും വിഷമിച്ചും നിന്നവരും താരത്തെ കാണാതെ മടങ്ങാൻ തയ്യാറായിരുന്നില്ല.
രാഷ്ട്രീയത്തിലും സംഘാടനത്തിലുമുള്ള പരിചയക്കുറവും തനി സിനിമാ ശൈലിയിലുള്ള ആഘോഷങ്ങളും ആവേശവുമാണ് വിജയുടെ ശൈലി. ഇതുതന്നെയാണു ദുരന്തത്തിലേക്കു വഴിവച്ചതെന്നും വിമർശകർ പറയുന്നു.രാഷ്ട്രീയക്കാരായി മാറിയ മറ്റു താരങ്ങൾക്കില്ലാത്ത അസാധാരണ പിന്തുണ വിജയ്‌ക്കുണ്ടെന്ന് ഓരോ ജനക്കൂട്ടവും സാക്ഷ്യപ്പെടുത്തുന്നതിനിടെയാണ് ദുരന്തം. സംസ്ഥാനത്ത് മാറ്റം കൊണ്ടുവരാൻ താരത്തിന് സാധിക്കുമെന്ന് വിശ്വസിക്കുന്ന യുവാക്കളുണ്ട്. അവരാണു നടനുചുറ്റും ആൾക്കൂട്ടമായി മാറുന്നത്. തിരുച്ചിറപ്പള്ളിയിൽ ആരംഭിച്ച ആദ്യ പര്യടനം മുതൽ പ്രവർത്തകർ വ്യാപകമായി പൊതുമുതൽ നശിപ്പിക്കുന്നുവെന്നു പരാതി ഉയർന്നിരുന്നു. ഇതോടെ പൊലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും കൃത്യമായി പാലിക്കപ്പെട്ടില്ല. വൻ ആൾക്കൂട്ടമെത്തിയതോടെ പൊലീസും നിസ്സഹായരായി. ഭക്ഷണവും വെള്ളവമില്ലാതെ കുഞ്ഞുങ്ങളെ കെെയ്യിലേന്തി നിൽക്കുകയായിരുന്നു അമ്മമാർ. വെെദ്യുതിയും ഇല്ലാത്ത അവസ്ഥയുണ്ടായി. ക്ഷീണിച്ചവശരായവർക്ക് അടുത്ത വീട്ടിലുള്ളവരാണ് ദാഹം മാറ്റാൻ വെള്ളം നൽകിയത്. ഇത്തരത്തിൽ, അധികാരത്തിലെത്തുക എന്ന ഏക ലക്ഷ്യത്തോടെ; ജീവൻ പണയ വെച്ചും തങ്ങളുടെ താരത്തെ (നേതാവിനെ) കാണാനെത്തിയവരെ മരണത്തിലേക്ക് വിട്ടുകൊടുക്കുന്ന വിധമായിരുന്നു തമിഴഗ വെട്രി ഘടകത്തിന്റെ മുഴുവൻ പ്രവർത്തനവും ഇന്നലെ നടന്നത്.
ജനുവരിയിൽ വിവാഹം നിശ്ചയിച്ച ആകാശും ഗോകുലശ്രീയും ദുരന്തത്തിൽ മരിച്ചവരിൽ പെടുന്നു. വിജയ്ക്കൊപ്പം സെൽഫി എടുക്കാനാണ് ഇവർ റാലിക്കെത്തിയത്. ‘‘ ഇന്നലെ വൈകിട്ട് ആറര മണിക്ക് അവരെന്നെ വിളിച്ചിരുന്നു. സുരക്ഷിതമായി വരണമെന്ന് ഇരുവരോടും പറഞ്ഞു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ജീവനറ്റ ശരീരമാണ് കാണാനായത്. കഷ്ടപ്പെട്ടാണ് ആകാശിനെ പഠിപ്പിച്ചത്. അവനില്ലാതെ എനിക്ക് ആരുമില്ല. ജീവിക്കേണ്ട പ്രായത്തിൽ രണ്ടുപേരും പോയി’’– പൊട്ടിക്കരഞ്ഞ് അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
Content highlight: Karoor
















