തമിഴ്നാട്ടിലെ കരൂരിൽ ടിവികെ അധ്യക്ഷൻ വിജയ്‍യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ കൂടുതൽ പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മൂന്ന്ടിവികെ സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസെടുത്തു. ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ്, കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ, സംസ്ഥാന പര്യടനത്തിന്റെ ചുമതലയുള്ള നിർമൽ കുമാർ എന്നിവരുൾപ്പെടെ മൂന്ന് ടിവികെ നേതാക്കൾക്കെതിരെയാണ് കേസെടുത്തത്. നപ്പൂര്‍വമല്ലാത്ത നരഹത്യ, മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുക, കുറ്റകരമായ നരഹത്യയ്ക്കുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരാണ് സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസെടുത്തത്ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേർക്കാണ് ജീവൻ നഷ്ടമായത്. ദുരന്തത്തിൽ ഒന്നര വയസുകാരൻ ഉൾപ്പെടെ 9 കുട്ടികളും 17 സ്ത്രീകളും മരണപ്പെട്ടു. നൂറിലേറെ പേർ ചികിത്സയിലാണ് അതിൽ അമ്പതിലേറെ പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. നടൻ വിജയ് എത്താൻ വൈകിയതും പൊലീസ് മതിയായ സുരക്ഷ ഒരുക്കാത്തതുമാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാർ പ്രതികരിച്ചു.
അതേസമയം, മരിച്ച 39 പേരുടെയും മൃതദേഹം തിരിച്ചറിഞ്ഞു. ഏറ്റവും ഒടുവിലായി തിരിച്ചറിയാൻ ബാക്കിയുണ്ടായിരുന്ന ഒരു സ്ത്രീയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. 32 പേരുടെ പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായി. ഇനി ഏഴുപേരുടെ പോസ്റ്റ്‍മോര്‍ട്ടമാണ് പൂര്‍ത്തിയാകാനുള്ളത്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് കരൂരിൽ വിജയ്‍യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 39പേര്‍ മരിച്ച ദുരന്തമുണ്ടായത്.
















