ഏഷ്യാകപ്പ് ഫൈനലിന് മുന്നോടിയായി ഉള്ള ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടിൽ നിന്ന് പിന്മാറി ടീം ഇന്ത്യ. പാകിസ്‌താനുമായുള്ള നിസ്സഹകരണത്തിന്റെ ഭാഗമായാണ് നീക്കം.കഴിഞ്ഞ മത്സരങ്ങളിൽ പാകിസ്താൻ താരങ്ങൾക്ക് കൈ കൊടുക്കാൻ പോലും ഇന്ത്യ തയ്യാറായിരുന്നില്ല. ഫൈനൽ ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗയും ഹസ്ത ദാനം നൽകാൻ സാധ്യതയില്ല. 2025 ഏഷ്യാ കപ്പിലെ രണ്ട് മത്സരങ്ങളിലും ടോസ് ചെയ്യുമ്പോൾ സൂര്യകുമാറും സൽമാനും കൈ നൽകിയിരുന്നില്ല. സൂപ്പർ 4 പോരാട്ടത്തിനിടെ ഹാരിസ് റൗഫ് ഓപ്പണിംഗ് ബാറ്റ്സ്മാൻ അഭിഷേക് ശർമ്മയുമായി ചൂടേറിയ വാഗ്വാദത്തിൽ ഏർപ്പെട്ടതോടെ ഇരു ടീമുകളും തമ്മിലുള്ള ശത്രുത മറ്റൊരു തലത്തിലെത്തി.
സൂപ്പർ 4 മത്സരത്തിനിടെ കാണികൾക്ക് നേരെ പ്രകോപനപരമായ ആംഗ്യങ്ങൾ കാണിച്ചതിന് റൗഫും സഹതാരം സാഹിബ്‌സാദ ഫർഹാനും ഐസിസിയുടെ ശിക്ഷകൾ ഏറ്റുവാങ്ങിയിട്ടുണ്ട്. റൗഫിന് മാച്ച് ഫീയുടെ 30% പിഴ ചുമത്തിയപ്പോൾ, ഫർഹാനെ താക്കീത് നൽകി വിട്ടയച്ചു.
സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ, പാകിസ്താനെതിരെ രണ്ടുതവണ വിജയം നേടിയ ഇന്ത്യൻ ടീം ഞായറാഴ്ച ദുബായിൽ ഹാട്രിക് വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നു. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ ഒരു ഓവർ മാത്രം എറിഞ്ഞ ഹാർദിക് പാണ്ഡ്യ ഇന്നിംഗ്‌സിന്റെ ശേഷിക്കുന്ന സമയങ്ങളിൽ കളത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. ഫൈനലിൽ ഹാർദിക് പാണ്ഡ്യ പൂർണ്ണ ഫിറ്റ്നസിലേക്ക് തിരിച്ചെത്തുമെന്നാണ് ഇന്ത്യൻ പ്രതീക്ഷ
















