രാഷ്ട്രീയ പോരാട്ടം ആരംഭിച്ച തമിഴക വെട്രിക് കഴകം പ്രതിസന്ധിയിലേക്ക് മാറിയിരിക്കുകയാണ്. കരൂരിൽ വിജയ് നയിച്ച റാലിയാണ് വൻ ദുരന്തത്തിന് വഴിവെച്ചിരിക്കുന്നത്. വിജയ്‌യുടെ അഞ്ചാമത്തെ പൊതുയോഗമാണ് കരൂരിൽ നടന്നിരുന്നത്. ആവേശമായി മാറിയ റാലി പിന്നീട് ദുരന്തമായി മാറുകയായിരുന്നു. 39 പേർക്കാണ് റാലിയിലെ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടത്. രാത്രി 10 വരെയാണ് യോഗത്തിന് അനുമതി നൽകിയിരുന്നത്. എന്നാൽ രാത്രി വൈകിയാണ് റാലി ആരംഭിച്ചത്. കരൂരിൽ നിന്ന് വെളുചാമിപുരത്തേക്കുള്ള 800 മീറ്റർ കടക്കാൻ വിജയ് എടുത്തത് ഒരു മണിക്കൂറും 40 മിനിട്ടുമാണ്. പൊലീസ് എത്തി ആളുകളെ മാറ്റിയാണ് വിജയ് യെ വേദിയിൽ എത്തിച്ചിരുന്നത്. അത്രയ്ക്ക് ജനക്കൂട്ടമാണ് കരൂരിൽ ഒത്തുചേർന്നത്. എന്നാൽ പതിനായിരം പേർ മാത്രമായിരിക്കും റാലിയിൽ പങ്കെടുക്കുകയെന്നാണ് ടിവികെ ജില്ലാ നേതൃത്വം അറിയിച്ചിരുന്നത്.
വിജയ് യുടെ കാരവാൻ നീങ്ങുന്നതിനൊപ്പം ജനക്കൂട്ടവും സഞ്ചരിച്ചു. വിജയ് യുടെ പ്രസംഗം ആരംഭിച്ചതോടെ പലരും അവശതയിലേക്ക് നീങ്ങിയിരുന്നു. ഇതിനിടെയാണ് നിരവധി പേർ കുഴഞ്ഞുവീണത്. വിജയ് യുടെ പ്രസംഗത്തിനിടെ ആംബുലൻസുകൾ കടന്നുപോയിരുന്നു. എന്നാൽ വലിയ ദുരന്തമായി മാറുമെന്ന് വിജയ് കരുതിയിരുന്നില്ല. അപകടത്തിന്റെ വ്യാപ്തി മനസിലാക്കിയ വിജയ് പ്രസംഗം പൂർത്തിയാക്കാതെ മടങ്ങുകയായിരുന്നു. കുഴഞ്ഞു വീണവർക്ക് മുകളിലേക്ക് ആളുകൾ കൂട്ടത്തോടെ വീണു. കുട്ടികളും സ്ത്രീകളും തിരക്കിനിടയിൽപ്പെട്ട് ചവിട്ടിമെതിക്കപ്പെട്ടു. ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. തിരക്ക് നിയന്ത്രണാതീതമായതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. സംഘാടനത്തിൽ ഉണ്ടായ വീഴ്ചയാണ് അപകടത്തിന് വഴിവെച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ടിവികെ നേതാക്കൾ അവഗണിച്ചെന്നും പൊലീസ് അറിയിച്ചിരുന്നു.
ഡിഎംകെയുടെ ശക്തി കേന്ദ്രത്തിൽ, നേതാവ് ശെന്തിൽ ബാലാജിയുടെ തട്ടകത്തിൽ ശക്തി തെളിയിക്കാനായിരുന്നു വിജയ് ശ്രമിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്തെ വൻ ദുരന്തത്തിനാണ് ഇത് വഴിവെച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള വിജയ് യുടെ പ്രചാരണങ്ങൾക്കേറ്റ തിരിച്ചടി കൂടിയായി മാറിയിരിക്കുകയാണ് കരൂരിലെ ദുരന്തം. നിമയസഭ തിരഞ്ഞെടുപ്പിൽ ഇത് വിജയ്ക്കും ടിവികെയ്ക്കും എതിരായി പ്രചരണായുധമാകും.
content highlight: Karoor
















