ടിവികെ അധ്യക്ഷൻ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി പേർ ഗുരുതരാവസ്ഥയിലും അല്ലാതെയും ആശുപത്രികളിലാണ്. ഇപ്പോഴിതാ സംഭവത്തിൽ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് തമിഴ് നടി ഓവിയ. സംഭവത്തിൽ പ്രതിഷേധിച്ച് ഇൻസ്റ്റാഗ്രാം സ്‌റ്റോറിൽ ‘അറസ്റ്റ് വിജയ്’ എന്ന് നടി എഴുതി.
എന്നാൽ മണിക്കൂറുകൾക്കകം നടി സ്റ്റോറി ഡിലീറ്റ് ചെയ്തു. കരൂർ ദുരന്തത്തിൽ പ്രതിഷേധിച്ച് #arrestvijay എന്ന ഹാഷ്ടാഗ് എക്‌സിൽ ട്രെൻഡിങ് ആയിരുന്നു. അറസ്റ്റ് ആഹ്വാനം പിൻവലിച്ചുവെങ്കിലും പുലർച്ചെ തന്നെ ഓവിയ, സംഭവത്തിൽ തന്റെ പ്രതിഷേധ സ്വരമെന്ന പോലെ ഒരു ഉദ്ധരണി സ്‌റ്റോറിൽ പങ്കുവെച്ചു.
“ജ്ഞാനികൾക്ക് ജീവിതം ഒരു സ്വപ്നമാണ്, അത് വിഡ്ഢികൾക്ക് ഒരു കളിയാണ്, ധനികർക്ക് അതൊരു തമാശയാണ്, എന്നാൽ പാവപ്പെട്ടവനാവട്ടെ ഒരു ദുരന്തവും” റാലിയിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കുമുള്ള ഐക്യദാർഢ്യമാണ് ഓവിയ പങ്കുവെച്ച വാക്കുകൾ.
അതേസമയം കരൂര്‍ ദുരന്തത്തില്‍ ഇതുവരെ മരിച്ചത് 39 പേരാണ്. മരിച്ചവരില്‍ 17 പേര്‍ സ്ത്രീകളും 13 േപര്‍ പുരുഷന്മാരുമാണ്. നാല് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളുമടക്കം ഒന്‍പത് കുട്ടികള്‍ക്കും ജീവന്‍ നഷ്ടമായി. 111 പേര്‍ ചികില്‍സയിലാണ്. ഇതില്‍ മൂന്നുപേരുടെനില ഗുരുതരമാണ്. മരിച്ചവരില്‍ അമ്മയും രണ്ട് മക്കളുമുണ്ട്. പ്രതിശ്രുതവരനും വധുവിനും ജീവന്‍ നഷ്ടമായി. മരിച്ചവരില്‍ ഒന്നരവയസുകാരന്‍ ദുര്‍വേശിനെ തിരിച്ചറിഞ്ഞു. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായവ വിട്ടുനില്‍കി. 500 ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നുവെന്നും പൊലീസിന് വീഴ്ചയില്ലെന്ന് എഡിജിപി വ്യക്തമാക്കി. കേസെടുത്ത് അന്വേഷണം തുടങ്ങി.
















