ലഡാക്കിൽ സംഘർഷത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാറ്റി ഉടൻ പൂർവസ്ഥിതിയിലെത്തുമെന്ന് കേന്ദ്രസർക്കാർ. സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇന്നലെ പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് തവണ ഇളവ് വരുത്തിയിരുന്നു. ഈ നാല് മണിക്കൂറിൽ അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തതിനാൽ പ്രതീക്ഷയിലാണ് പൊലീസും.
അതേസമയം സമര നേതാവ് വാങ് ചുക് ബന്ധം സ്ഥാപിച്ച പാക് പൗരൻ കഴിഞ്ഞ മാസമാണ് അറസ്റ്റിലായതെന്നും ഇരുവരും തമ്മിൽ ആശയവിനിമയം നടത്തിയതിന് തെളിവുണ്ടെന്നും കേന്ദ്രസർക്കാർ പറയുന്നു. വർഷങ്ങളായി ഇവർ തമ്മിൽ ആശയ വിനിമയം നടന്നുവെന്നാണ് പൊലീസും വ്യക്തമാക്കുന്നത്. ഒപ്പം പാക്കിസ്ഥാനിൽ പ്രമുഖ മാധ്യമസ്ഥാപനമായ ഡോൺ സംഘടിപ്പിച്ച ചടങ്ങിൽ വാങ്ചുക്ക് പങ്കെടുത്തതിലും അന്വേഷണം നടക്കുന്നുണ്ട്.
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് എൽഎബിയുടെ അഭിമുഖ്യത്തിൽ സോനം വാങ്ചൂക്ക് ഉൾപ്പടെ 15 പേരാണ് അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നത്. സമരം നടത്തുന്നവരിൽ രണ്ട് പേരുടെ ആരോഗ്യസ്ഥിതി ചൊവ്വാഴ്ച വഷളായിരുന്നു. ഇതേതുടർന്ന് നിരവധി യുവതി-യുവാക്കൾ സമരപ്പന്തലിൽ എത്തുകയെയും ബുധനാഴ്ച ലഡാക്കിൽ ബന്ദിന് ആഹ്വാനവും ചെയ്തു. ബുധനാഴ്ച നടന്ന ബന്ദിലാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.
ലേയിൽ നടന്ന പ്രതിഷേധത്തിൽ ലേ അപെക്സ് ബോഡിയുടെ യുവജന വിഭാഗം ബിജെപി ഓഫീസിന് നേരെ കല്ലെറിയുകയും ബിജെപി ഓഫീസ് കത്തിക്കുകയും ചെയ്തതോടെ പ്രതിഷേധ അക്രമാസക്തമാകുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ ലേ ജില്ലയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നതും വിലക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ലഡാക്കിൽ പ്രതിഷേധം ശക്തമാണ്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീർ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ജമ്മു കശ്മീർ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറി, അതേസമയം ലേയും കാർഗിലും സംയോജിപ്പിച്ച് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി. ലഡാക്കിന്റെ ഈ പ്രദേശത്തിനാണ് ഇപ്പോൾ പൂർണ്ണ സംസ്ഥാന പദവി വേണമെന്ന ആവശ്യവുമായി പ്രതിഷേധങ്ങൾ നടത്തുന്നത്.
















